ബെംഗളൂരു: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രഷര്‍കുക്കര്‍ ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സുനില്‍ കുമാറിന്റെയും നിഷയുടെയും മകള്‍ പത്മാവതി ദേവ (24)യാണ് മരിച്ചത്. ബിടെക് ബിരുദധാരിയായ സെയില്‍സ് എക്‌സിക്യൂട്ടീവ് വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ന്യൂ മൈക്കോ ലേഔട്ടിലെ വാടക വീട്ടിലാണു യുവതി രക്തം വാര്‍ന്നു മരിച്ചത്. ഫോണില്‍ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടര്‍ന്ന് സഹോദരി കൃഷ്ണ എസ്.നായര്‍ എത്തിയപ്പോള്‍ ദേവ മരിച്ചു കിടക്കുന്നതാണു കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
യുവതി ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ദേവയുടെ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം തിരിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാട്ടില്‍ ഒരുമിച്ചു പഠിച്ച ഇരുവരും രണ്ടര വര്‍ഷമായി ബെംഗളൂരുവില്‍ ഷെയര്‍ ബ്രോക്കിങ് ബിസിനസ് ചെയ്യുകയായിരുന്നു.