
മുംബൈ: കടലിലെ പാറക്കെട്ടിലിരുന്ന് ഭര്‍ത്താവിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട യുവതി മരിച്ചു. ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോര്‍ട്ടില്‍ ഈ മാസം 9നു സംഭവിച്ച ദുരന്തത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജ്യോതിയും ഭര്‍ത്താവ് മുകേഷും പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പാറക്കെട്ടിലിരുന്ന ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു. സംഭവസമയം ഇവരുടെ മൂന്നു മക്കള്‍ കരയില്‍നിന്ന് അലറിവിളിക്കുന്നത് വിഡിയോയില്‍ കാണാം. ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.