തിരുവനന്തപുരം: ശബരിമലയില്‍ ഇതിനു മുമ്പും യുവതീ പ്രവേശം നടന്നതായി വീണ്ടും വെളിപ്പെടുത്തല്‍. ദേവസ്വം ബോര്‍ഡ് മുന്‍ അംഗത്തിന്റെ മകളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്ത്രി കണ്ഠര് മഹേശ്വരരുടെ സമ്മതത്തോടെ 1996 ല്‍ സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയില്‍ എത്തിയെന്നാണ് പി.കെ. ചന്ദ്രാനന്ദന്റെ മകള്‍ ഉഷ വിനോദിന്റെ വെളിപ്പെടുത്തല്‍.
ചോറൂണ് കര്‍മ്മങ്ങള്‍ക്ക് തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വര് എല്ലാ സഹായവും നല്‍കിയെന്നാണ് ഉഷ വിനോദ് വ്യക്തമാക്കിയത്. അന്ന് പരിഹാരക്രിയകള്‍ ഒന്നും ചെയ്തതായി അറിയില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്ത്രി കണ്ഠര് രാജീവരുടെ സമ്മതത്തോടെ ശബരിമല ദര്‍ശിച്ചെന്ന അവകാശവാദവുമായി എഴുത്തുകാരി ലക്ഷ്മി രാജീവും രംഗത്തെത്തിയിരുന്നു.
ഇന്ന് പുലര്‍ച്ചെ അതീവ രഹസ്യമായാണ് കോഴിക്കോട്-മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പോലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി തന്നെ യുവതി പ്രവേശം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആചാരലംഘനം ഉണ്ടായതായി വ്യക്തമാക്കി തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തുകയായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ പ്രായം നോക്കി സ്ത്രീകളെ തടയേണ്ടത് പോലീസിന്റെ ജോലിയല്ലെന്നും സുരക്ഷ ഒരുക്കലാണെന്നും ഡജജപി ലോ്കനാഥ് ബെഹ്റ വിശദീകരിച്ചിരുന്നു.