വനിതാ മതിലിന് സ്ത്രീ സുരക്ഷക്കുള്ള 50 കോടിയില്‍ നിന്നും ഫണ്ട്; കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് കോടതി

കൊച്ചി: വനിതാ മതില്‍ സര്‍ക്കാര്‍ ചെലവിലാണു നടത്തുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നീക്കിവെച്ച 50 കോടിയില്‍ നിന്നാണ് തുക ചെലവഴിക്കുന്നത്. ബജറ്റില്‍ നീക്കിവെച്ച തുകയാണിത്. ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, സര്‍ക്കാര്‍ തുക ചിലവാക്കുന്നതു തടയണമെന്ന വാദം കോടതി അംഗീകരിച്ചില്ല. പകരം ചെലവാകുന്ന തുകയുടെ കണക്കു പരിപാടിക്കു ശേഷം അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സര്‍ക്കാര്‍ വാദം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിലുണ്ട്. വനിതാ മതില്‍ ഇത്തരം പ്രചാരണത്തിന്റെ ഭാഗമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത്തരം ക്യാമ്പയിനുകള്‍ക്ക് നീക്കിവെച്ച തുക ചെലവാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രം ആണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വനിതാ മതിലില്‍ 18 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. വനിതാ മതിലിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക എത്ര എന്ന് പരിപാടിക്ക് ശേഷം കോടതിയെ അറിയിക്കണമെന്നും കുട്ടികളെ നിര്‍ബന്ധിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. എന്നാല്‍ സ്‌കൂളിലും വിവേചനമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അതിനാലാണ് കുട്ടികള്‍ക്കിടയിലും പ്രചാരണം നടത്തുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Top