തൃശൂര്‍: വനിതാ മതിലിന്റെ പേരില്‍ എന്‍എസ്എസില്‍ പൊട്ടിത്തെറി. എന്‍.എസ്.എസ് വിലക്ക് ലംഘിച്ച് വനിതാ മതിലില്‍ പങ്കെടുത്തതിന് കാരണം വിശദീകരണം തേടിയതിന് പിന്നാലെയാണ് വനിതാ മതിലില്‍ പങ്കെടുത്തവര്‍ രാജി വച്ചത്. തൃശൂരിലെ തലപ്പിള്ളി താലൂക്ക് യൂണിയനിലെ അംഗങ്ങളാണ് രാജിവച്ചത്.
സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരാന്‍ നായരുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയും കൗണ്‍സിലറും വനിതാ മതിലില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് എന്‍.എസ്. എസിലെ പദവികള്‍ രാജിവച്ചിട്ടുണ്ട്.
വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടി.എന്‍ ലളിത, മെമ്പര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവച്ചത്. ആചാര സംരക്ഷണത്തിനായി എന്‍.എസ്.എസിന്റെ നിര്‍ദ്ദേശമനുസരിച്ച് നാമജപ ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന രണ്ട് പേരും ജനുവരി ഒന്നിന് നടന്ന വനിതാ മതിലിലും പങ്കെടുക്കുകയായിരുന്നു.
സംഘടനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിതാ അംഗങ്ങളാരും മതിലില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇവര്‍ പങ്കെടുത്തതോടെ സംസ്ഥാന നേതൃത്വത്തിന് ക്ഷീണമായി. മതിലിന്റെ ഭാഗമായി അത്താണിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് ലളിത സംസാരിക്കുകയും എന്‍.എസ്.എസ് നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണ് സംഘടനയില്‍ പൊട്ടിത്തെറിക്ക് കാരണമായത്. സംഭവത്തെ തുടര്‍ന്ന് ഇവരോട് വിശദീകരണം തേടാന്‍ യൂണിയന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിശദീകരണത്തിനൊപ്പം ഇരുവരും സംഘടനയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു.