വനിതാ മതിലില്‍ രാഷ്ട്രീയം!! മഞ്ജുവാര്യര്‍ പിന്‍മാറി; ഇടതുപാര്‍ട്ടികള്‍ക്ക് കനത്ത പ്രഹരമായി ഫേസ്ബുക്ക് പോസ്റ്റ്

വനിതാ മതിലില്‍ നിന്നും പിന്മാറുകയാണെന്ന് നടി മഞ്ജു വാര്യര്‍. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും രാഷ്ട്രീയ നിറമുള്ള പരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും താരം. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം. നേരത്തെ വനിതാ മതിലിന്റെ ഫേസ്ബുക്ക് പേജിലാണ് മതിലിനെ പിന്തുണക്കുന്ന മഞ്ജുവിന്റെ വീഡിയോ വന്നത്. ഇടതുപക്ഷക്കാരും വനിതാ മതിലിനെ അനുകൂലിക്കുന്നവരും അത് മത്സരിച്ച് ഷയര്‍ ചെയ്യുന്നതിനിടക്കാണ് മഞ്ജു നിലപാട് തിരുത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

Top