തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ അത്തരം അയല്‍കൂട്ടത്തെ പിരിച്ച് വിടുമെന്ന് കുടുംബശ്രീകള്‍ക്ക് ഭീഷണി. പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കുന്നതിന്റെ ശബ്ദരേഖ പുറത്തായി. പങ്കെടുക്കാത്ത അയല്‍കൂട്ടങ്ങളെ പിരിച്ച് വിടുമെന്ന് ജില്ലാമിഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശബ്ദരേഖയില്‍ പറയുന്നു. ഒരു കുടുംബശ്രീ യൂണിറ്റില്‍ നിന്നും നിര്‍ബന്ധമായും 10പേര്‍ മതിലില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വനിതാ മതിലില്‍ ആരേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നും, സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്നും മുഖ്യമന്ത്രി ഇടക്കിടെ പറയുന്നുണ്ടെങ്കിലും വാസ്തവം അതല്ല. മനുഷ്യ ചങ്ങലയല്ലാത്തതിനാല്‍ വനിതകളുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍ അത് മതിലിനെ ബാധിക്കുമെന്നും, അതിനാല്‍ കുടുംബശ്രീ യൂണിറ്റുകളെ പൂര്‍ണമായും മതിലിന്റെ ഭാഗമാക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
വനിതാമതിലില്‍ പങ്കെടുത്തില്ലെങ്കില്‍ അത്തരം അയല്‍കൂട്ടത്തെ പിരിച്ച് വിടുമെന്ന് ജില്ലാമിഷന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും ലഭിച്ച സിഡിഎസ് പ്രസിഡന്റിന്റെ വോയ്സ് മെസേജില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.ഇതുകൂടാതെ കുടംബശ്രീ പ്രവര്‍ത്തകരെ മതിലില്‍ പങ്കെടുപ്പിക്കുന്നതിനായി സ്ഥലത്തെത്തിക്കുന്നതിനുള്ള ബസുള്‍പ്പടെയുള്ള വാഹനങ്ങളും ജില്ലാമിഷന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ഇതിനുളള തുകയും സര്‍ക്കാര്‍ നല്‍കും.
ഇതോടെ വനിതാമതില്‍ വിജയിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഭീഷണിയുടെ സ്വരവും, കോടികള്‍ ചിലവാക്കുന്നുണ്ടെന്നും പരസ്യമായിരിക്കുകയാണ്