വേണു കടൽവെള്ളത്തിന് തീപിടിപ്പിക്കാൻ തുനിഞ്ഞു… ”സെക്രട്ടറിയറ്റ് ഒരു സുരക്ഷിത തുരുത്തല്ല എന്ന് വേണു പറഞ്ഞവസാനിപ്പിക്കുമ്പോൾ പിണറായി വിജയന്റെ ജീവനുനേരെയള്ള ഒരു ഭീഷണി സ്വരം

കൊച്ചി:മാതൃഭൂമി ചാനലിലെ അവതാരകൻ വേണു മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടുന്നുവെന്ന് പ്രമുഖ ടിവി നിരൂപക ഉഷാ എസ്.നായർ. കലാകൗമുദി വാരികയുടെ കഴിഞ്ഞ ലക്കത്തിലാണ് ഓഖി ചുഴലിക്കാറ്റ് പ്രവചിക്കുന്നതും ദുരിതാശ്വാസം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വേണുവിനെതിരെ ആഞ്ഞടിക്കുന്നത്. വേണു കലാപാഹ്വാനം നടത്തുകയാണ് എന്ന് കുറ്റപ്പെടുത്തുന്ന ഉഷാ എസ്.നായർ ഓഖി വന്നപ്പോൾ വേണു വീണവായിക്കുകയാണ് എന്ന് ആരോപിക്കുന്നു. ടെലിവിഷൻ ആങ്കർമാർ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ രൂക്ഷമായ ഒരു വിമർശനം ആദ്യമാണ്. അതും മുതിർന്ന അവതാരകനെതിരെ ചിരപ്രതിഷ്ഠയായ മാധ്യമ വിമർശകയുടെ ഭാഗത്തുനിന്ന്.

കലാകൗമുദിയിൽ വന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ: ഈ കഴിഞ്ഞ വ്യാഴാഴ്ച മാതൃഭൂമിയുടെ സൂപ്പർ പ്രൈം ചർച്ചയിൽ വേണുബാലകൃഷ്ണൻ നടത്തിയ ചില ആഹ്വാനങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടിരിക്കുന്നു. തെറ്റാണെന്ന് ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. കടൽവെള്ളത്തിനു തീപിടിപ്പിക്കാൻ തുനിയുകയായിരുന്നു വേണു. ‘സെക്രട്ടറിയറ്റ് ഒരു സുരക്ഷിത തുരുത്തല്ല’ എന്ന് വേണു പറഞ്ഞവസാനിപ്പിക്കുമ്പോൾ പിണറായി വിജയന്റെ ജീവനുനേരെയള്ള ഒരു ഭീഷണി സ്വരമാണുയർന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, ഇസഹാഖ് ജോൺ (ലത്തീൻ അതിരൂപത) അഡ്വ. ആന്റണിരാജു, റോയ് മാത്യു, ഫാദർ യൂജിൻ പെരേര (ലത്തീൻ സഭ) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പരാതിയും പരിഭവങ്ങളും നിരത്താനുണ്ടെങ്കിലും സംയമനത്തോടെയും പ്രതീക്ഷയോടെയും സംസാരിച്ച ഫാദർ യൂജിൻ പെരേരയെയും ലത്തീൻ സമൂഹത്തെയും ഒരു ലഹളയിലേക്കു തള്ളിവിടുന്ന രീതിയിലായിരുന്നു വേണു ചർച്ച നയിച്ചത്. പിണറായി വിജയനെ കുറ്റപ്പെടുത്താൻ കിട്ടിയ അവസരം സ്വാഭാവികമായും ഉണ്ണിത്താൻ ഉപയോഗിച്ചു. തന്റെ വാഗ്വിലാസം പ്രകടമാകുവിധത്തിൽ കവിതാശകലങ്ങളും ഉദ്ധരിച്ചുകൊണ്ട് തകർത്ത് പെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പൂന്തുറയിൽ പോയിരുന്നുവെങ്കിൽ പിന്നെ കല്യാണത്തിനും മരണത്തിനുമൊന്നും പോകാൻ കഴിയില്ലായിരുന്നു, അവർ കൈകാര്യം ചെയ്തനേ എന്നൊക്കെ രാഷ്ട്രീയനാവ് പിടച്ചു. പിന്നീടാണ് ചർച്ചയുടെ പോക്ക് എങ്ങോട്ടാണെന്ന് അദ്ദേഹത്തിനു ബോധ്യമായത്. ”നിങ്ങൾ ഇങ്ങനെ നിന്നാൽ മതിയോ, മതിയോ” എന്ന് ലത്തീൻ സമൂഹത്തോട് ചോദിക്കുകയും ബിഷപ്പുമാരെയും അച്ചൻമാരെയുമെല്ലാം ഇളക്കിവിടുമാറ് വേണുവിന്റെ കുറ്റപ്പെടുത്തൽ നീളുകയും, തന്നെയും അതിനുപയോഗിക്കുകയാണെന്ന നൊടിയിടയിൽ ബോധ്യമാവുകയും ചെയ്തപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ”ഒരു സമുദായത്തെ വൈകാരികമായി ഇളക്കിവിടാൻ ഞാൻ തയ്യാറല്ല. പ്രകോപനകരങ്ങളായ വാക്കുകൾ പ്രയോഗിച്ച് കടലിന്റെ മക്കളെ ഞങ്ങൾ ഇളക്കി വിടില്ല. ഇങ്ങനെ തെറ്റായ ദിശയിലേക്ക് ചർച്ചപോകരുത്. റോമാസാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിക്കുന്ന തരം രാഷ്ട്രീയപ്രവർത്തനമല്ല എന്റേത്.” ചില മാധ്യമങ്ങൾ സ്വീകരിച്ച നയം പൊതുവികാരത്തിന് അനുയോജ്യമാണോ എന്ന കാര്യം അവർ തന്നെ ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെ തെറ്റാവും?

മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്തെ’ന്നു പറഞ്ഞവനെ കൈയിൽ കിട്ടിയതിനാൽ പൊരിച്ചു കളയാനുള്ള അവസരമാക്കി ഉപയോഗിച്ചുവെന്നാണ് പിണറായി വിമർശനത്തെ ഉഷ എസ്. നായർ കുറ്റപ്പെടുത്തുന്നത്. ”കുട്ടിക്കുരങ്ങന്മാരെ’ മൈക്രോ ഫോണും ക്യാമറയും കൊടുത്തു പറഞ്ഞുവിട്ടിട്ട് വാരിക്കോ ചൂടുചോറ്” എന്ന് സ്റ്റുഡിയോയിലിരുന്ന് നിർദ്ദേശിക്കുന്ന ആങ്കർമാർ ചെയ്യുന്നതെന്താണെന്ന് അവർക്കു നല്ലവണ്ണം അറിയാം. മാധ്യമങ്ങൾ ഒരു വ്യക്തിയോട്-വ്യക്തമായി പറഞ്ഞാൽ പിണറായി വിജയനോട് – കാട്ടുന്ന പ്രതികാരം ഒരു ജനതയെയാണ് ഭയത്തിൽ കൊണ്ടുനിറുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പെരുമാറ്റം മാധ്യമപ്രവർത്തകർക്ക് അസ്വീകാര്യമാണെങ്കിൽ അത് അദ്ദേഹത്തെ അറിയിക്കുകയും പ്രതിഷേധിക്കുകയും വേണം. അത് മാധ്യമപ്രവർത്തകരുടെ ആത്മാഭിമാനത്തിനാവശ്യവുമാണ്. എന്നാൽ നാട് ഗുരുതരമായ ഒരു സ്ഥിതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴല്ല അതു പുറത്തെടുക്കേണ്ടത്- എന്ന് ഉഷ എസ്. നായർ ഓർമ്മപ്പെടുത്തുന്നു.

Top