കണ്ണൂര്‍: ജിഷയുടെ കൊലപാതകം നാടിനെ മാത്രമല്ല കേരളം മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. ജിഷയയുടെ കൊലപാതകം എല്ലാവരുടെയും ഉറക്കം കെടുത്തിയെന്നാണ് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ പറയുന്നത്. കേരളം സ്ത്രീവിരുദ്ധ സംസ്ഥാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ആരാധിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. എന്നിട്ടും മലയാളിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. പ്രതിവര്‍ഷം ആയിരത്തിലേറെ സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്ന കേരളം മലയാളികള്‍ക്കുലഭിച്ചിരുന്ന ആദരവ് ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുശീലാ വേലായുധന്റെ നോവല്‍ ‘വര്‍ത്തസമാനം’ പ്രകാശനം ചെയ്യുകയായിരുന്നു മുകുന്ദന്‍. വിദേശ സന്ദര്‍ശനസമയത്ത് ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോള്‍, ഗുജറാത്തില്‍ ശൂലംകൊണ്ട് ഗര്‍ഭിണിയുടെ വയറുകീറി ശിശുവിനെ പുറത്തെടുത്ത ക്രൂരതയുടെ ഓര്‍മയാണ് പരിചയപ്പെടുന്നവരുടെ മുഖത്ത് കണ്ടത്. കേരളീയനാണെന്ന് പറയുമ്പോള്‍ തെളിയുന്ന മുഖം ഇനിയുണ്ടാവില്ല. അതിക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ മുഖമായിരിക്കും ഇനി ഓരോ മലയാളിക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.