അപകടത്തില്‍പ്പെട്ട് പുഴയില്‍ വീണ യുവതി ഇക്കയല്ലാതെ മറ്റാരും തൊടരുതെന്ന് പറഞ്ഞിട്ടില്ല; എല്ലാം കെട്ടിച്ചമച്ച വാര്‍ത്തയെന്ന് രക്ഷിച്ച പട്ടാളക്കാരന്‍

dc-Cover

കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു പട്ടാളക്കാരന്‍ യുവതിയെ രക്ഷിക്കാന്‍ പോയ കഥ. ‘ഇക്കയല്ലാതെ മറ്റാരും എന്നെ തൊടരുത്’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു ഇത് സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞുനിന്നത്. ഇതിനെ കളിയാക്കി ട്രോളുകളുടെ പെരുമഴ തന്നെയുണ്ടായിരുന്നു. മുങ്ങിചാകാന്‍ പോകുമ്പോള്‍ ഒരു സ്ത്രീയും ഇങ്ങനെ പറയില്ലെന്നായിരുന്നു പലരുടെയും വാദം. സത്യത്തില്‍ എന്താണ് സംഭവിച്ചത്?

യുവതിയെ രക്ഷിച്ച പട്ടാളക്കാരനായ രാഹുല്‍ തന്നെ സംഭവം തുറന്നുപറയുന്നു. ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഇയാള്‍ പറയുന്നത്. ഇക്കാര്യം അന്വേഷിച്ച് മാധ്യമങ്ങളൊന്നും ഒരിക്കല്‍ പോലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇതിന്റെ പേരില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വാസ്തവ വിരുദ്ധമാണെന്നും രാഹുല്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സംഭവത്തിന്റെ പേരില്‍ ഒരാള്‍ മരിച്ചുകിടക്കുന്നത് കണ്ടാല്‍ തിരിഞ്ഞുനോക്കാന്‍ ഇനി ഞാനൊന്ന് മടിക്കുമെന്നും സത്യം അന്വേഷിക്കാതെയാണ് ആരോ ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. തൊടുപുഴക്കടുത്ത് തൊമ്മന്‍കുത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതി തന്നെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയെത്തിയ രാഹുലിനോട് ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊട്ടുപോകരുതെന്ന് പറഞ്ഞതായാണ് വാര്‍ത്ത പ്രചരിച്ചത്.

തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഇത് വൈറലായി മാറുകയായിരുന്നു. നിരവധി വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഇതു സംബന്ധിച്ച് സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞത്. അപകടത്തെ സംബന്ധിച്ച് രാഹുല്‍ പറയുന്നത് ഇങ്ങനെയാണ്: കിഞ്ഞ ശനിയാഴ്ച രാത്രി തൊടുപുഴയില്‍ നിന്നും സ്വദേശമായ തൊമ്മന്‍കുത്തിലേക്ക് പോകുകയായിരുന്നു. തൊമ്മന്‍കുത്ത് പാലത്തിന് അടുത്തെത്തിയപ്പോള്‍ നെറ്റിയില്‍ മുറിവുമായി മറിഞ്ഞ ബൈക്കിന് മുന്നില്‍ യാത്രക്കാരന്‍ നില്‍ക്കുന്നു. പുഴയില്‍ നിന്നും ശബ്ദം കേട്ടപ്പോള്‍ കുട്ടികളാരെങ്കിലും വീണിട്ടുണ്ടാകുമെന്ന് കരുതി. പിന്നീട് ഒന്നും ആലോചിച്ചില്ല. പുഴയിലേക്ക് എടുത്തുചാടി.

ഇതിനിടെ പിറ്റേദിവസം ജോലി സ്ഥലത്തേക്ക് മടങ്ങാനുളള ട്രെയിന്‍ ടിക്കറ്റും പോക്കറ്റിലുണ്ടായിരുന്ന പണവും, വില കൂടിയ മൊബൈലും നഷ്ടമായി. തന്റെ മുട്ടിന് മുകളിലെ വെള്ളമുണ്ടായിരുന്നുള്ളൂ. ശക്തമായ ഒഴുക്കില്ല. നീന്തേണ്ട ആവശ്യമില്ല. നടന്ന് യുവതിയുടെ അടുത്തെത്തുമ്പോഴേക്കും അവര്‍ താനെ പിടിച്ച് എഴുന്നേറ്റിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചു. എന്റെ കൂടെ കരയിലേക്ക് നടന്നെത്തിയപ്പോള്‍ അവരുടെ ഭര്‍ത്താവും അവിടേക്ക് ഇറങ്ങിവന്നു. ഇനി ഇക്കാ സഹായിച്ചോളും എന്ന് യുവതി പറഞ്ഞു.

എനിക്ക് അവരെ സാഹസികമായി രക്ഷിക്കേണ്ടി വരുകയോ, അവര്‍ എന്നെ തൊടരുതെന്ന് പറയുകയോ ചെയ്തിട്ടില്ല. ടിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ യാത്ര ഒരു ദിവസം മാറ്റിവെക്കേണ്ടി വന്നു. ഇത്രയുമാണുണ്ടായത്.

ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പച്ചക്കള്ളമാണെന്ന് യുവതിയും ഭര്‍ത്താവും വ്യക്തമാക്കിയിട്ടുണ്ട്. അല്‍പ്പസമയം പുല്‍പടര്‍പ്പില്‍ പിടിച്ചുകിടന്നശേഷം അധികം ആഴമോ ഒഴുക്കോ ഇല്ലാത്ത പുഴയില്‍ നിന്നും താനെ കരയിലേക്ക് കയറുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഈ സമയത്താണ് നാട്ടുകാര്‍ സ്ഥലത്തെത്തിയതും തന്റെ അവശത കണ്ട് ഒരാള്‍ എടുക്കണോ എന്ന് ചോദിച്ചതും. വേണ്ട ഇക്ക കൈയില്‍ പിടിച്ചോളുമെന്ന് അതിന് മറുപടി പറയുകയായിരുന്നു- യുവതി പറയുന്നു.

Top