ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍. മുന്നാം ദിവസമാണ് തുടര്‍ച്ചയായി ജലനിരപ്പ് ഉയരുന്നത്. അപകട സാധ്യതാ മേഖലയില്‍ നിന്നും പതിനായിരത്തോളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ടെന്റുകളിലാണ് ആള്‍ക്കാരെ താമസിപ്പിരിക്കുന്നത്. ഭക്ഷണവും വൈദ്യ സഹായവും ചെയ്തിട്ടുണ്ട്.
ദുരിതത്തിലായ കുടുംബങ്ങള്‍ക്കു കൂടുതല്‍ സഹായങ്ങള്‍ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. റവന്യുമന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കനത്ത മഴ കാരണം ഹരിയാനയിലെ ഹത്നി കുണ്ഡ് തടയണയില്‍നിന്ന് വന്‍ തോതില്‍ ജലം തുറന്നുവിടുന്നതിനാല്‍ യമുനാ നദിയിലെ ജലനിരപ്പ് ഇനിയുമുയര്‍ന്നേക്കുമെന്നും 206.50 അടിയാകുമെന്നുമാണു വിലയിരുത്തല്‍. ഇന്നലെ വൈകുന്നേരത്തോടെ നദിയിലെ ജലനിരപ്പ് 205.78 അടിയിലെത്തിയിരുന്നു. ജലനിരപ്പ് 205.53 അടി പിന്നിട്ടതോടെ യമുനാ നദിക്കു കുറുകെയുള്ള യമുനാ പാലം ഇന്നലെ പുലര്‍ച്ചെ അടച്ചിരുന്നു.
റോഡ്, റെയില്‍വേ സംവിധാനങ്ങളുള്ള ഈ പാലം ഡല്‍ഹിയെ സമീപ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ്. ഇതോടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റു വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. 1978ല്‍ 207.49 അടി വെള്ളം ഉയര്‍ന്നതാണ് യമുനാ പാലം സ്ഥിതി ചെയ്യുന്ന ഭാഗത്ത് ഇതുവരെയുണ്ടായിട്ടുള്ള ഉയര്‍ന്ന ജലനിരപ്പ്. ഇവിടെ 2010ല്‍ 207.11 അടിയും 2013ല്‍ 207.32 അടിയും വരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
അതിനിടെ, താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ദുരിതബാധിതര്‍ സര്‍ക്കാരിന്റെ കരുണ യാചിച്ചു കഴിയുകയാണെന്നും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ആരോപിച്ചു.