സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ 22ന് പുതിയ ന്യൂനമർദം രൂപപ്പെടുന്നു. ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത മഴക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൽക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ 2021 മെയ് 22 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറും. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഇല്ല.
എങ്കിലും സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഏറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്. മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റും ഇടിമിന്നലോട് കൂടിയുള്ള മഴയും ലഭിക്കും.
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ഒമാൻ നൽകിയ ‘യാസ്’ എന്ന പേരിലാകും അറിയപ്പെടുക.
കേരളത്തിന്റെ തെക്കൻ മേഖലയിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി 25 മുതൽ വ്യാപക മഴ ലഭിക്കും.