അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും കേരള തീരത്ത് 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.

ന്യൂനമർദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും.വെള്ളിയാഴ്ച ഏഴു ജില്ലകളിലും ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച രണ്ടു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലിൽ പോകരുതെന്നും നിലവിൽ ആഴക്കടൽ മത്സ്യബന്ധത്തിലേർപ്പെട്ട് കൊണ്ടിരിക്കുന്നവർ എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് നിർദേശം നൽകി.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം. ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തിൽ കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വൈദ്യുത വകുപ്പിനും ആരോഗ്യ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

Top