
തൃശ്ശൂര്‍: ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി തിരിഞ്ഞിരിക്കുകയാണ്. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറി എന്നാണ് ബിജെപി ആരോപണം. വിഷയം ബിജെപി ലോക്സഭയില്‍ എത്തിച്ചിരിക്കുകയാണ്. എന്നാല്‍ ഈ വിവാദങ്ങളൊന്നും നോക്കാതെ തൃശ്ശൂരില്‍ ജോലി ചെയ്യുകയാണ് യതീഷ് ചന്ദ്ര.
ശബരിമലയില്‍ കണ്ടത് തന്റെ ജോലി മാത്രമാണ് എന്നാണ് യതീഷ് ചന്ദ്ര വിവാദങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. താന്‍ ഒരു ചൂടന്‍ പോലീസ് ഓഫീസര്‍ അല്ല, സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. സ്വന്തം നിലപാടുകളും വിശ്വാസങ്ങളുമൊക്കെ മാറ്റി വെച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ ഇറങ്ങുന്നതെന്നും യതീഷ് ചന്ദ്ര പറയുന്നു.
അവിടെ നമ്മുടെ ഇഷ്ടങ്ങള്‍ക്കോ അനിഷ്ടങ്ങള്‍ക്കോ യാതോരു വിധത്തിലുളള പ്രസക്തിയും ഇല്ല. പോലീസുകാര്‍ക്ക് എല്ലാ ആളുകളേയും തൃപ്തിപ്പെടുത്താന്‍ കഴിയണമെന്നില്ല. എപ്പോഴും 50 ശതമാനത്തെ മാത്രമേ തൃപ്തരാക്കാന്‍ സാധിക്കൂ. ഒരു വീടൊഴിപ്പിക്കുന്ന കേസില്‍, ഒഴിപ്പിച്ച് കിട്ടിയവര്‍ക്ക് സന്തോഷം തോന്നുമ്പോള്‍ തന്നെ വീട് ഒഴിയേണ്ടി വന്നവര്‍ക്ക് അമര്‍ഷവും പോലീസിനോട് തോന്നും. അത് പോലീസ് സേനയുടെ ഗതികേടാണെന്നും യതീഷ് ചന്ദ്ര പറയുന്നു.