
ലക്‌നൗ: പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ജയലളിത തുടങ്ങിവെച്ച അമ്മ മെസ് ഹൗസ് മാതൃകയില്‍ യു.പിയിലും കുറഞ്ഞനിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഭോജനാലയങ്ങളാണ് ആദിത്യനാഥ് തുടങ്ങുന്നത്. അന്നപൂര്‍ണ ഭോജനാലയം എന്നാണ് ഈ കടകളുടെ പേര്.
ഇവിടെ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണമാണെങ്കില്‍ മൂന്നു രൂപ നല്‍കിയാല്‍ മതിയാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. യു.പിയില്‍ ഇനി ആരും വിശന്ന് കഴിയരുത് എന്നാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
അന്നപൂര്‍ണ ഭോജനാലയത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള അളവ് ഭക്ഷണവും കിട്ടും. മാര്‍ച്ചില്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഈ മുഖ്യമന്ത്രി താത്പര്യമെടുത്ത് പദ്ധതി ആലോചിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും.
സബ്‌സിഡി നിരക്കില്‍ ഭക്ഷണം കിട്ടുന്ന 200 കടകളാണ് തുടങ്ങുന്നത്. തൊഴില്‍ വകുപ്പായിരിക്കും ഇവ സ്ഥാപിക്കുക. സന്നദ്ധ സംഘടനകളെ ഇതിന്റെ നടത്തിപ്പ് ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.