ലക്‌നൗ: രാജ്യത്തെ രാമരാജ്യമാക്കുമെന്ന് യുപി മുക്യമന്ത്രി യോഗി ആദിത്യനാഥ്. 2022 ആവുമ്പോഴേക്കും ഇന്ത്യയെ രാമരാജ്യമാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാമക്ഷേത്രത്തിന് വേണ്ടി പ്രയത്‌നിച്ച മഹന്ത് അവൈദ്യനാഥിന്റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടും എന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് 2022 ആവുമ്പോഴേക്കും അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന സൂചനയാണ് നല്‍കിയത്.
രാജ്യത്ത് നിന്നും അരാജകത്വം, പട്ടിണി എന്നിവ ഇല്ലാതാക്കി 2022ഓടെ ഇന്ത്യയെ ഒരു രാമരാജ്യമാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യു.പി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക ദിനത്തില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
അയോദ്ധ്യയും താജ്മഹലും ഉള്‍പ്പെടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തങ്ങള്‍ വികസിപ്പിക്കുമെന്നും അദ്ദേഹത്തിന് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.