ലക്‌നൗ: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിജെപി നേതാവ് ചിന്മയാനന്ദ സ്വാമിയെ അറസ്റ്റ് ചെയ്യാതെ ഒഴിഞ്ഞ് മാറുകയായിരുന്നു ഉത്തർപ്രദേശ് പോലീസ് ഇതുവരെ. എന്നാൽ പ്രതിപക്ഷ കക്ഷികൾ കടുത്ത സ്വരത്തിൽ പ്രതികരണങ്ങൾ ഉയർത്തിയതോടെ പോലീസിന് മറ്റ് ഗതിയില്ലാതെ വരികയായിരുന്നു. കൂടാതെ യുവതി കൈമാറിയ വീഡിയോ ദൃശ്യങ്ങളും അറസ്റ്റല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്ന അവസ്ഥയിലെത്തിച്ചു.
ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പ്രത്യേക അന്വേഷണസംഘമാണ് ചിന്മയാനന്ദയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിന്മയാനന്ദയെ കുടുക്കിയ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ സംഘത്തിന് ഇര കൈമാറിയതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിയത്. ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് യുവതി.
ലോകോളേജില്‍ അഡ്മിഷന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പ്രസിഡന്റായ ചിന്മയാനന്ദയെ 23 കാരിയായ പെണ്‍കുട്ടി കാണാന്‍ എത്തിയത് മുതലാണ് സംഭവത്തിന്റെ തുടക്കം. കോളേജില്‍ പ്രവേശനം നല്‍കുക മാത്രമല്ല ചിന്മയാനന്ദ ചെയ്തത്. അവിടുത്തെ ലൈബ്രറിയില്‍ ജോലിയും നല്‍കി. ഇതിന് ശേഷം ചിന്മയാനന്ദയുടെ നിര്‍ദേശപ്രകാരം യുവതി ഹോസ്റ്റലിലേക്ക് മാറുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം ഒരു ദിവസം ചിന്മയാനന്ദ യുവതിയെ വിളിപ്പിച്ചു.
ഹോസ്റ്റലിലെ ബാത്ത്‌റൂമില്‍ താന്‍ നഗ്നമായി കുളിക്കുന്ന രംഗം പകര്‍ത്തിയ വീഡിയോയാണ് ഇവിടെയെത്തിയപ്പോള്‍ യുവതിയെ ചിന്മയാനന്ദ കാണിച്ചത്. വീഡിയോ എടുപ്പിച്ച ചിന്മയാനന്ദ് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം നിരന്തരം പീഡനത്തിന് ഇരയാക്കി. ചിന്മയാനന്ദിന്‍റെ അനുയായികൾ തോക്കുമായി വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു എന്നാണ് വിവരം.
ബലാത്സംഗം തുടര്‍ക്കഥ ആയതോടെയാണ് തന്നെ കുടുക്കിയ അതേ ആയുധം ഉപയോഗിച്ച് ചിന്മയാനന്ദയെ കുടുക്കാന്‍ യുവതിയും തയ്യാറെടുത്തത്. കണ്ണടയില്‍ സ്പൈ ക്യാമറ പിടുപ്പിച്ച് ചിന്മയാനന്ദന്റെ ലൈംഗിക വീഡിയോ യുവതിയും പകര്‍ത്തി. തെളിവുകള്‍ കയ്യിലായതോടെ പീഡന വിവരം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. സംഭവം ആദ്യം പൊതുശ്രദ്ധയിൽ വരുന്നത് കഴിഞ്ഞമാസം ആരോപണം ഫേസ്ബുക്കിൽ പെൺകുട്ടി കുറിച്ചപ്പോഴാണ്.
പോസ്റ്റിൽ ചിന്മയാനന്ദിന്റെ പേര് പറഞ്ഞിരുന്നില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പെൺകുട്ടി ടാഗ് ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവതിയെ കാണാതാകുകയും ഒരാഴ്ചയ്ക്ക് ശേഷം രാജസ്ഥാനില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. കേസ് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടപ്പോൾ, പെൺകുട്ടിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ നിന്ന് ഡല്‍ഹിയിലെത്തിച്ച പെൺകുട്ടിയോട് നേരിട്ട് സുപ്രീംകോടതി സംസാരിച്ചു. അതിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ആരോപണം ചിന്മയാനന്ദ നിഷേധിച്ചെങ്കിലും യുവതി കൈമാറിയിരിക്കുന്ന തെളിവുകള്‍ നിര്‍ണ്ണായകമാണെന്നാണ് വിവരം. 73 വയസ്സുള്ള ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടൽ ബിഹാരി വാജ്‍പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. ചിന്മയാനന്ദ താനുള്‍പ്പെടെ നരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചെന്ന് യുവതി പറയുന്നു.
പ്രത്യേക അന്വേഷണസംഘമാകട്ടെ പെൺകുട്ടിയെ തുടർച്ചയായി 15 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ചിന്മയാനന്ദിനെ വിളിച്ചുവരുത്തിയില്ല. ഇത് വലിയ വിവാദങ്ങളുയർത്തിയ സാഹചര്യത്തിലാണ് ഒടുവിൽ ചിന്മയാനന്ദിനെ ചോദ്യം ചെയ്യുന്നതും പിന്നീട് അറസ്റ്റ് ചെയ്യുന്നതും.