കര്‍ദിനാളിനെതിരെ വിമത വൈദികര്‍ നാളെ പ്രമേയം വായിക്കും..!! വിശ്വാസികളെയും ഒപ്പംകൂട്ടി ശക്തമായ സമരത്തിന് ശ്രമം

കൊച്ചി: സിറോ മലബാര്‍ സഭയിലെ സഹായ മെത്രമാന്മാര്‍ ഉയര്‍ത്തിയ കലാപക്കൊടി പുതിയ വഴികളിലേയ്ക്ക്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി അങ്കമാലി അതിരൂപതയിലെ മുഴുവന്‍ വൈദികരും ഒരുമിച്ചു നില്‍ക്കുകയാണ്. ഇതിന്റെ ഫലമായി രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെ വിമത വൈദികരുടെ നേതൃത്വത്തില്‍ പ്രമേയം വായിക്കും.

വൈദികര്‍ക്ക് ഒപ്പം വിശ്വാസികളെയും രംഗത്തിറക്കി കര്‍ദിനാളിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ വിമതനീക്കത്തെ പ്രതിരോധിക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. ഭരണചുമതലയിലേക്കുള്ള കര്‍ദിനാളിന്റെ തിരിച്ച് വരവിനും സഹായമെത്രാന്‍മാരെ പുറത്താക്കിയ നടപടിക്കും പിന്നാലെ സഭ മുന്‍പെങ്ങും കാണാത്ത പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്.

മെത്രാന്‍ മാരേയോ വൈദികരേയോ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ തെരുവില്‍ ഇറങ്ങുമെന്ന വൈദികരുടെ മുന്നറിയിപ്പിന്റെ ആദ്യപടിയെന്നോണം നാളെ അതിരൂപതയ്ക്ക് കീഴിലെ ഇടവകകള്‍ തോറും കര്‍ദിനാളിനെതിരായ പ്രമേയം പാസാക്കാനാണ് നീക്കം. 320 ഇടവകള്‍ ഉള്ള രൂപതയിലെ 280 ഓളം ഇടവകകളിലും പ്രമേയങ്ങള്‍ വായിക്കുമെന്നാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷം അറിയിക്കുന്നത്.

അതേസമയം, വിമതനീക്കങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കാനാണ് സഭാ തീരുമാനം. പ്രമേയം പള്ളികളില്‍ വായിക്കുന്നത് ഒഴിവാക്കാന്‍ നേതൃത്വം ഫെറോന ഭാരവാഹികളോട് ആവശ്യപ്പെട്ടു. സിനഡില്‍ വികാരി ജനറലിനെ വിളിച്ചു വരുത്തി ഇക്കാര്യം ധരിപ്പിച്ചു. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. മറ്റ് രൂപതകളിലേക്ക് സ്ഥലം മാറ്റുന്നത് അടക്കമുള്ള നടപടികള്‍ ആലോചിച്ചേക്കും. വിമത വൈദികര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ വിവരം വത്തിക്കാന്റെ ശ്രദ്ധയില്‍ പെടുത്താനും സിനഡ് യോഗത്തില്‍ തീരുമാനമായി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് എന്ന വിമതവൈദികരുടെ ആവശ്യം സഭാ നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. അടുത്ത മാസം ചേരുന്ന സമ്പൂര്‍ണ സിനഡിലാകും വിഷയങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

അതേസമയം, തൃക്കാക്കരയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഹര്‍ജി ഇന്ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. വ്യാജപട്ടയം ഉണ്ടാക്കിയെന്ന കേസാണ് കോടതി പരിഗണിക്കുക. ഹര്‍ജിക്കാരനില്‍ നിന്ന് കോടതി മൊഴി എടുക്കും.

Top