തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം; ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും പി.സി ചാക്കോയെ മാറ്റും

ന്യുഡൽഹി:പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോയെ ഉടൻ മാറ്റും. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് മുതിര്‍ന്ന നേതാവ് ഷീല ദീക്ഷിത് പി.സി.സി അധ്യക്ഷയായി വന്നതോടെയാണ് ഡല്‍ഹിയില്‍ തര്‍ക്കമാരംഭിക്കുന്നത്. നേതാക്കള്‍ രണ്ട് വിഭാഗമായി തിരിഞ്ഞു. എ.എ.പിയുമായുള്ള സഖ്യ ചര്‍ച്ച നടന്നതോടെ തര്‍ക്കം മറനീക്കി പുറത്ത് വന്നു.

ഷീല ദീക്ഷിതും ചാക്കോയും രണ്ട് തട്ടില്‍ നിന്നു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റ് വാങ്ങേണ്ടി വന്നതോടെ വലിയ വിഭാഗം നേതാക്കള്‍ ചാക്കോക്ക് എതിരായി. നാല് വര്‍ഷത്തെ ചാക്കോയുടെ നേതൃത്വം ഗുണംചെയ്തില്ലെന്ന വിലരുത്തലുണ്ടായി.ചാക്കോയ്ക്ക് പകരമായി മുതിര്‍ന്ന നേതാവ് താരിഖ് അന്‍വറെ നിയമിക്കും. ഡല്‍ഹിയുടെ ചുമതലയില്‍ നിന്നും മാറ്റണമെന്ന് കാണിച്ച് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വിഭാഗം നേതാക്കള്‍ കത്തയച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ സോണിയ ഗാന്ധി ഡല്‍ഹിയിലെ തര്‍ക്കങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി. ഇതിന് തൊട്ട് പിന്നാലെയാണ് തന്നെ പദവിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ചാക്കോ കത്തയച്ചതെന്നാണ് വിവരം.

അതേസമയം പി.സി.സി അധ്യക്ഷനെ നിയമിക്കാത്ത സാഹചര്യത്തില്‍ അതുവരെ തുടരാന്‍ ചാക്കോയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ഈ ആഴ്ചതന്നെ പി.സി.സി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നവ്‌ജോത് സിങ് സിദ്ദു, ശത്രുഘ്‌നന്‍ സിന്‍ഹ, സന്ദീപ് ദീക്ഷിത് തുടങ്ങിയ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്.

Top