ദുരിതത്തിലാഴ്ത്തിയ മഴ കുറയുന്നു …, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:കേരള ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. ആറ് ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ തിങ്കളാഴ്ച ‘ഓറഞ്ച്’ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിക്കാത്തത്.തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥ വകുപ്പ്. കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി. ഒറ്റപ്പെട്ട കനത്തമഴയ്ക്കും പരക്കെ ചെറിയ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും അന്തരീക്ഷം കൂടുതല്‍ തെളിയുമെന്നാണു പ്രതീക്ഷ. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സഹായകരമാകും.

മഴ ശക്തിയായി പെയ്തതോടെ കേരളത്തിൽ മഴക്കുറവ് 4 ശതമാനത്തിലെത്തി. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ 1 മുതൽ ഞായർ വരെ 1543 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1487 മില്ലിമീറ്റർ പെയ്തു. പാലക്കാട് ജില്ലയിൽ ശരാശരിയെക്കാൾ 21 ശതമാനവും കോഴിക്കോട്ട് 18 ശതമാനവും അധികമഴ ലഭിച്ചു. ഇടുക്കിയിൽ ഇപ്പോഴും 24% മഴക്കുറവുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. പുഴകളിലെ ജല നിരപ്പ് കുറ‍ഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 76 ആയി. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 13 ആയി. പുത്തുമല ഉരുള്‍പൊട്ടലില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ പുത്തുമല ദുരന്തത്തില്‍ മരണസംഖ്യ 10 ആയി.

കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്നര മുതൽ 3.8 കിലോമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചിട്ടുണ്ട്. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ കഴിയുന്നു.

Top