ലഖ്‌നൗ: ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ സ്ഥാപിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് പിന്നാലെ അടുത്ത പ്രതിമയുമായി ബിജെപി. ഇത്തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സരയൂ തീരത്ത് 330 കോടി രൂപയ്ക്ക് 100 മീറ്റര്‍ ഉയരത്തില്‍ രാമന്റെ പ്രതിമ നിര്‍മ്മിക്കാനാണ് ഒരുങ്ങുന്നത്. ദീപാവലി സമ്മാനമായി നവംബര്‍ ആറിന് പ്രതിമയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അയോധ്യ വിഷയത്തില്‍ ഉടന്‍ പരിഹാരം വേണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ദീപാവലി ആഘോഷങ്ങള്‍ വിലയിരുത്താന്‍ യോഗി അയോധ്യയില്‍ എത്തുന്നത്. നീതി നടപ്പിലാക്കുകയാണെങ്കില്‍ ഉടന്‍ വേണമെന്നും വൈകിക്കിട്ടുന്ന നീതി , അവകാശ നിഷേധത്തിന് തുല്യമാണെന്നുമായിരുന്നു അയോധ്യ വിഷയത്തില്‍ യോഗി മാധ്യമങ്ങളോട് പറഞ്ഞത്. രാമക്ഷേത്ര നിര്‍മ്മാണം അനന്തമായി നീളുന്നതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്‍എസ്എസും രംഗത്തെത്തിയിരുന്നു. വേണ്ടി വന്നാല്‍ 1992 ലേത് പോലെ പ്രക്ഷോഭം നടത്താനും മടിക്കില്ലെന്നായിരുന്നു ആര്‍എസ്എസ് വക്താവ് ഭയ്യാജി ജോഷിയുടെ വാക്കുകള്‍.