തൃശൂർ ഇരിങ്ങാലക്കുടയിലാണ് പ്രണയദിനത്തിൽ പ്രണയം തുറന്നുപറഞ്ഞ കാമുകന് മർദ്ദനമേറ്റത്. പ്രണയദിനമായ ഫെബ്രുവരി 14 ബുധനാഴ്ച വൈകീട്ട് നാലര മണിയോടെ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം. ഇരിങ്ങാലക്കുട ടൗണിൽ കച്ചവടം നടത്തുന്ന കണ്ണൂർ സ്വദേശിയായ യുവാവാണ് ലോക പ്രണയദിനത്തിൽ തന്റെ പ്രണയം തുറന്നുപറഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയോടായിരുന്നു യുവാവിന്റെ പ്രണയാഭ്യർത്ഥന. എന്നാൽ കണ്ണൂർ സ്വദേശിയുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി അപ്പാടെ നിരസിച്ചു. തുടർന്ന് യുവാവ് പെൺകുട്ടിയെ വിടാതെ പിന്നാലെകൂടിയെങ്കിലും പെൺകുട്ടി തിരിഞ്ഞുനോക്കിയതേയില്ല. കാമുകനായ യുവാവ് പിന്നാലെ കൂടിയതോടെ പെൺകുട്ടി തന്റെ സഹോദരനെ വിളിച്ചു വിവരം പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ സ്ഥലത്തെത്തി. എന്നാൽ പെൺകുട്ടിയുടെ സഹോദരനെ കണ്ടതോടെ കാമുകന്റെ ധൈര്യം ചോർന്നുപോയിരുന്നു. സഹോദരനെ കണ്ടപാടെ യുവാവ് കാട്ടൂർ റോഡിലേക്ക് ഓടി. സംഭവമെന്തറിയാതെ നാട്ടുകാർ അന്തംവിട്ടു നോക്കിനിന്നു. ഇതിനിടെയാണ് സംഭവത്തിലെ മറ്റൊരു ട്വിസ്റ്റ് ഉണ്ടായത്. പെൺകുട്ടിയുടെ സഹോദരനെ കണ്ടോടിയ കാമുകൻ മാല പൊട്ടിച്ച് ഓടുകയാണെന്ന് ആരോ പറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി. മാല മോഷ്ടാവിനെ പിടിക്കാൻ നാട്ടുകാരും പിന്നാലെയോടി. തുടർന്ന് എക്സൈസ് ഓഫീസിന് സമീപത്തുവച്ച് യുവാവിനെ ഓടിച്ചിട്ടു പിടികൂടുകയും ചെയ്തു.
മാല മോഷ്ടിച്ച് ഓടുകയാണെന്ന് കരുതി നാട്ടുകാരെല്ലാം ചേർന്ന് യുവാവിനെ വളഞ്ഞിട്ട് തല്ലി. മർദ്ദനത്തിനിടെ സംഭവമെന്താണെന്ന് വിളിച്ചുപറയാൻ ശ്രമിച്ചെങ്കിലും ആരും കേട്ടതുപോലുമില്ല. നാട്ടുകാരുടെ ബഹളം കേട്ടെത്തിയ സമീപത്തെ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഒടുവിൽ കാമുകനെ രക്ഷപ്പെടുത്തിയത്. ഉടൻതന്നെ പോലീസും സ്ഥലത്തെത്തി. മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവാവിനും പെൺകുട്ടിക്കും പരാതിയൊന്നുമില്ലാത്തതിനാൽ ആർക്കെതിരെയും കേസെടുത്തില്ല. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായതും ഇരിങ്ങാലക്കുടയിലായിരുന്നു. ഈ കേസിലെ പ്രതി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.