എസ്ഐ മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തു എന്ന ആരോപണവുമായി ഭാര്യയും ബന്ധുക്കളും

എസ്.ഐ മാനസികമായി പീഢിപ്പിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തതായി ഭാര്യയുടേയും ബന്ധുക്കളുടേയും പരാതി. വീടിനുള്ളില്‍ തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനെത്തിയ വഴിക്കടവ് എസ്.ഐയെ മരിച്ച യുവാവിന്റെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് തടഞ്ഞു.വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി പാലപ്പറ്റ ഹനീഫ (33)യൊണു ഇന്നലെ വീടിനുളളില്‍ മരിച്ചത്. യുവാവിനെ വഴിക്കടവ് എസ്.ഐ മാനസികമായി പീഡിപ്പിച്ചതില്‍ മനംനൊന്താണു ആത്മഹത്യചെയ്തതെന്നാണു ഭാര്യ സെറീനയും ബന്ധുക്കളും ആരോപിക്കുന്നത്. അതേ സമയം കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന ഹനീഫക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി നിരവധികേസുകളുണ്ടായിരുന്നുവെന്നും താന്‍ ആരെയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും വഴിക്കടവ് എസ്.ഐ എം. അഭിലാഷ് പറഞ്ഞു. സ്ഥിരംലഹരി ഉല്‍പന്ന വില്‍പനക്കാരനായിരുന്നു ഹനീഫയെന്നാണു പോലീസ് ഭാഷ്യം. മാസങ്ങള്‍ക്ക് മുമ്പു നിലമ്പൂരില്‍വെച്ച് ഓട്ടോറിക്ഷയില്‍ നിന്നും 60കുപ്പി മദ്യം പിടികൂടിയ കേസില്‍ ഹനീഫ ഒന്നാം പ്രതിയായിരുന്നു. ഇതിനുപുറമെ ഗൂഡല്ലൂരില്‍നിന്നും 300പാക്കറ്റ് ഹാന്‍സ് കൊണ്ടുവന്ന കേസിലും എടക്കരയില്‍ ഹാന്‍സ് വിറ്റ കേസിലും ഹനീഫ ഒന്നാം പ്രതിയായിരുന്നുവെന്നും വഴിക്കടവ് എസ്.ഐ പറഞ്ഞു. ഈകേസില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഹനീഫയെ ഇന്നലെ വീടുനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്താനെത്തിയ തന്നെയും പോലീസുകാരെയും വീട്ടുകാര്‍ തടഞ്ഞായും വഴിക്കടവ് എസ്.ഐ സമ്മതിച്ചു. മരിച്ച ഹനീഫയുടെ മക്കള്‍ ഹസീബ്, ഹാഷിം, ദിലു. പിതാവ് ബീരാന്‍. മാതാവ് ഫാത്തിമ. സഹോദരങ്ങള്‍ അലി, മജീദ്, അഹമ്മദ്, അബ്ദുള്‍ ഗഫൂര്‍, സീനത്ത്, കുഞ്ഞുബീവി, സക്കീന, സഫിയ, നസിയ.

Top