ജോസ് കെ.മാണി വിഡ്ഡിയായ പുത്രൻ; അച്ഛനെ ആക്രമിച്ചവർക്കൊപ്പം പോയ ഒറ്റുകാരൻ: ബൈബിൾ വാക്യങ്ങളിലൂടെ ജോസ് കെ.മാണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ; മാണി സി.കാപ്പൻ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും ആവശ്യം

പാലാ: ജോസ് കെ.മാണി വിഡ്ഡിയായ പുത്രനെന്നള്ള കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് പ്രമേയം. ബൈബിൾ വാചകങ്ങൾ ഉപയോഗിച്ചാണ് ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ പഠനക്യാമ്പ് ‘ യുവഭേരി ‘ ജോസ് കെ മാണിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രമേയം പാസാക്കിയത്. പാലാ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മാണി സി.കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ബൈബിളിലെ സുഭാഷിതങ്ങൾ 17 ആം വാക്യത്തിലൂടെയാണ് യൂത്ത് കോൺഗ്രസ് പഠനക്യാമ്പിന്റെ പ്രമേയം ആരംഭിക്കുന്നത് തന്നെ. ‘വിഡ്ഢിയായ പുത്രൻ പിതാവിന്റെ ദു:ഖമാണ് ‘ എന്നായിരുന്നു പ്രമേയത്തിന്റെ തലക്കെട്ട്. സ്വന്തം പിതാവിനെ വളഞ്ഞിട്ടാക്രമിച്ച് അവഹേളിച്ചവർക്കൊപ്പം നിൽക്കുന്ന ഒറ്റുകാരൻ ആണ് ജോസ് കെ മാണി എന്ന രാഷ്ട്രീയ യൂദാസ്. ജോസ് കെ മാണിയുടെ നിക്ഷേപം അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ ആണ്. അത് സംരക്ഷിക്കുവാനും വളർത്തുവാനും നിലനിർത്തുവാനും അവിശുദ്ധമായ രാഷ്ട്രീയ സഖ്യങ്ങൾ രൂപീകരിക്കുന്ന, സ്വന്തം പിതാവിന്റെ, വളർത്തി വലുതാക്കിയ രാഷ്ട്രീയ മുന്നണിയുടെ പാരമ്പര്യത്തെയും രാഷ്ട്രീയത്തെയും ഒറ്റുകൊടുത്തവൻ ഒറ്റുകാരൻ ആണെന്ന് ജനസമക്ഷം വിളിച്ചു പറയുവാനുള്ള ആർജ്ജവം യൂത്ത് കോൺഗ്രസിന് ഉണ്ടാവണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുദ്ധിമാനായ അടിമ ലജ്ജാവഹമായി പ്രവർത്തിക്കുന്ന യജമാനപുത്രന്റെ മേൽ ഭരണം നടത്തുമെന്നും ബൈബിൾ വാക്യത്തെ ഉദ്ധരിച്ച് പ്രമേയം പറയുന്നു. പുരോഹിത പ്രമുഖരെ നികൃഷ്ടജീവി എന്ന് വിളിച്ച് അവഹേളിച്ച, സഭയുടെ ഉന്നത കേന്ദ്രങ്ങളായ രൂപതകളിലെ ‘രൂപ താ’ എന്നു പരിഹസിച്ച, ചർച്ച് ആക്ട് നടപ്പിലാക്കി സഭ എന്ന വിശ്വാസ ഗോപുരത്തെ ഇല്ലായ്മ ചെയ്യും എന്ന് പ്രഖ്യാപിക്കുന്ന, ശബരിമല എന്ന പവിത്ര ഭൂമിയിൽ ആചാരലംഘകരായ ആക്ടിവിസ്റ്റുകൾക്ക് പരവതാനി വിരിച്ച്, വിശ്വാസ വിരുദ്ധരുടെ പാളയത്തിൽ നിലയുറപ്പിക്കുന്ന, മതേതര മൂല്യങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന, വിവിധ മതങ്ങൾ തമ്മിൽ സംഘർഷവും, ശത്രുതാപരമായ വേർതിരിവും സൃഷ്ടിക്കുന്ന സിപിഎം – സംഘപരിവാർ അച്ചുതണ്ടിന്റെ പ്രചാരകനായി ജോസ് കെ മാണി മാറിയതായി പ്രമേയം കുറ്റപ്പെടുത്തുന്നു. ജോസ് കെ.മാണി എന്ന ആട്ടിൻ തോലിട്ട ചെന്നായയുടെ പൊയ് മുഖം ജനങ്ങൾക്കുമുമ്പിൽ അഴിച്ചു കാട്ടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട് യൂത്ത് കോൺഗ്രസ്.

യൂത്ത് കോൺഗ്രസ് പഠന ക്യാമ്പിനിടയിലേയ്ക്ക് അപ്രതീക്ഷിതമായി മാണി സി.കാപ്പൻ എം.എൽ.എ എത്തിയപ്പോഴാണ് പാലാ നിയോജക മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. വേദിയിലേയ്ക്ക് എത്തിയ മാണി സി.കാപ്പൻ എം.എൽ.എയ്ക്ക് വൻ സ്വീകരണമാണ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഒരുക്കിയത്. ആവേശകരമായ സ്വീകരണത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ജില്ലാ പഠന ക്യാമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. ജോബി അഗസ്റ്റിൻ ക്യാമ്പ് ഡയറക്ടറായിരുന്നു. റോബി ഊടുപുഴയിൽ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, അഡ്വ.ടോം കോര അഞ്ചേരിൽ ,ജില്ലാ ഭാരവാഹികളായ , തോമസ്സ് കുട്ടി മുകാല,ജെനിൻ ഫിലിപ്പ്, നൈഫ് ഫൈസി, ജിൻസൺ ചെറുമല, ഷാൻ റ്റി ജോൺ, അനീഷാ തങ്കപ്പൻ,നിബു ഷൗക്കത്ത്, അജീഷ് വടവാതൂർ എന്നിവർ പ്രസംഗിച്ചു.

Top