സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫൈബര്‍വള്ളത്തിലെ സെല്‍ഫിക്ക് പിന്നാലെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

ഫൈബര്‍വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫൈബര്‍ വള്ളത്തിലെ യാത്രയുടെ സെല്‍ഫി ഫേസ്ബുക്കിലൂടെ പങ്ക് വെച്ചതിനു പിന്നാലെയായിരുന്നു വള്ളം മറിഞ്ഞത്. സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. കരുവാറ്റ കൈപ്പള്ളി തറയില്‍ ഗോപിനാഥന്റെ മകന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ മധു കരുവാറ്റ(32)യാണ് മരിച്ചത്. അച്ചന്‍കോവിലാറ്റിലെ ആയാപറമ്പ് കടവിന് പടിഞ്ഞാറ് വെള്ളിയാഴ്ചയാണ് സംഭവം. സൃഹൃത്തുക്കളായ കരുവാറ്റ കൈപ്പള്ളില്‍ വടക്കതില്‍ ശ്രീരാജ് (32), രാജേഷ് ഭവനം ശരത് (32) എന്നിവരാണ് രക്ഷപ്പെട്ടത്. തുഴഞ്ഞുനീങ്ങുന്നതിനിടെ വള്ളം ഓളത്തില്‍പ്പെട്ട് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മധുവും ശരത്തും വള്ളത്തില്‍ പിടിച്ചുകിടന്നു. ശ്രീരാജ് കരയിലേക്ക് നീന്തിക്കയറി. അപകടം കണ്ടുനിന്നവര്‍ എത്തിയപ്പോഴേക്കും മധു വള്ളത്തില്‍ നിന്നും പിടിവിട്ട് മുങ്ങിത്താഴുകയായിരുന്നു. ആറ്റിലെ ചുഴിയുള്ള ഭാഗമാണിത്. ഒരു വര്‍ഷം മുന്‍പ് കരുവാറ്റ കുറ്റിത്തറ സ്വദേശി ഷിജോ ഇവിടെ മുങ്ങിമരിച്ചിരുന്നു. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഗള്‍ഫിലായിരുന്ന ശ്രീരാജ് അടുത്തിടെയാണ് അവധിക്ക് നാട്ടില്‍ വന്നത്. അവധി ആഘോഷിക്കാനാണ് അടുത്ത സുഹൃത്തുക്കളായ മധുവിനും ശരത്തിനുമൊപ്പം വള്ളത്തില്‍ ചുറ്റിക്കറങ്ങിയത്. കൊപ്പാറക്കടവില്‍നിന്ന് ഫൈബര്‍വള്ളം വാടകയ്ക്കെടുത്ത് ഉച്ചയോടെയാണ് തുഴഞ്ഞുതുടങ്ങിയത്. ഒന്നരയോടെ മധുവിന്റെ ഫെയ്സ്ബുക്ക് പേജില്‍ യാത്രയുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സെല്‍ഫി. നല്ല ഫോട്ടോഗ്രാഫറായ മധുവിന്റെ സുന്ദരമായ ചിത്രം. ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍ മധു എവിടെയാണെന്ന് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കൂട്ടുകാര്‍ക്ക് മറുപടി കൊടുക്കാന്‍ കാത്തുനില്‍ക്കാതെ ഒരു മണിക്കൂറിനുശേഷം മധു മരണ കയത്തിലേക്ക് മുങ്ങിപ്പോയി. ഒപ്പം സെല്‍ഫി പകര്‍ത്തിയ ആ ഫോണും. മധു ജീന്‍സാണ് ധരിച്ചിരുന്നത്. നീന്തി രക്ഷപ്പെടാന്‍ ഇതും തടസ്സമായിക്കാണുമെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റുള്ളവര്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ധാരാളം സുഹൃത്തുക്കളുള്ള മധു അവര്‍ക്കുവേണ്ടി ഫെയ്സ്ബുക്കില്‍ നല്ല ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. മധുവിന്റെ അവസാനത്തെ സെല്‍ഫിക്ക് ചുവടെ സുഹൃത്തുക്കള്‍ വേദനയോടെ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നു. ലളിതയാണ് അമ്മ. സഹോദരി: മഞ്ജു. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.

Top