ട്രെയിനു മുകളിൽ കയറി ലൈനിൽ പിടിച്ചു; യുവാവ് കത്തിക്കരിഞ്ഞു മരിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: റയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ എൻജിൻ മാറ്റിയിടുന്നതിനിടെ ട്രെയിനിനു മുകളിൽ കയറി വൈദ്യുതി ലൈനിൽ പിടിച്ച യുവാവിനു ദാരുണാന്ത്യം. ലൈനിൽ നിന്നു ഷോക്കേറ്റ യുവാവ് ട്രെയിനിനു മുകളിൽ കത്തിക്കരിഞ്ഞു വീഴുകയായിരുന്നു. 36 കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നു സംശയിക്കുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ സ്‌റ്റേഷനുള്ളിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനു സമീപമായിരുന്നു സംഭവം. സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബോഗികളുമായി യോജിപ്പിക്കുന്നതിനു എൻജിനിൻ പിന്നിലേയ്ക്കു എടുക്കുന്നതിനിടെ നാഗമ്പടം ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും ഓടിയെത്തിയ യുവാവ് ട്രെയിന്റെ  എൻജിനു മുകളിലേയ്ക്കു ഓടിക്കയറുകയായിരുന്നു.
ട്രെയിൻ പ്ലാറ്റ്‌ഫോമിനു സമീപത്തേയ്ക്കു എത്തിയതും ഇയാൾ വൈദ്യുതി ലൈനിലേയ്ക്കു കടന്നു പിടിച്ചു. നിമിഷങ്ങൾക്കകം ഒരു പൊട്ടിത്തെറിയോടെ യുവാവ് കത്തി അമരുകയായിരുന്നു. ഷോക്കേറ്റ് എൻജിനു മുകളിൽ തന്നെ ഇയാൾ വീണു. ഇതോടെ ലൈനിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. തുടർന്നു പൊലീസും റയിൽവേ അധികൃതരും ചേർന്ന് മൃതദേഹം എൻജിനു മുകളിൽ നിന്നു നീക്കി. തുടർന്നു മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
Top