കൊച്ചി: വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുന്നു . ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കീഴ്കാേടതി തളളിയിരുന്നു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയെങ്കിലും അറസ്റ്റിനുളള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനുള്ള സാവകാശം കിട്ടാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. അറസ്റ്റുചെയ്തിട്ടില്ലെങ്കിലും ഇവർ പൊലീസ് നിരീക്ഷണത്തിലാണ് എന്നാണറിയുന്നത്. എന്നാൽ മൂവരും ഒളിവിലെന്നാണ് പൊലീസ് ഭാക്ഷ്യം.
യൂട്യൂബറിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ,ലാപ്ടോപ്പ് എന്നിവ പൊലീസിനെ ഏൽപ്പിച്ചതിനാൽ തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന മോഷണക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതിയെ അറിയിക്കാനാവും മൂവരും ശ്രമിച്ചേക്കുക. അങ്ങനെയെങ്കിൽ വീഡിയോ ഉൾപ്പടെയുളള തെളിവുകൾ വച്ച് ഹൈക്കോടതിൽ തങ്ങളുടെ നിലപാട് പൊലീസ് കൂടുതൽ കടുപ്പിക്കും. ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു.
ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ വിജയ് പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ, സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ ഇപ്പോഴും റിമാൻഡിലാണ്.
മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത സർക്കാർ വാദം അംഗീകരിച്ചാണ് കീഴ്ക്കാേടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കൾക്കും എതിരെ കോടതിയുടെ രൂക്ഷ വിമർശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഇതിൽ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നുമാണ് ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഉത്തരവിൽ കോടതി പറഞ്ഞത്. കൈയേറ്റം ചെയ്യൽ, മോഷണം തുടങ്ങി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.അതിനിടെ മൂന്നു പ്രതികളും നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.വനിത കമ്മിഷൻ അവരുടെ നടപടിയെ പിന്തുണയ്ക്കുന്നില്ല. കൃത്യമായ സമയത്ത് നിയമനടപടി സ്വീകരിക്കാത്ത പൊലീസിനെ കമ്മിഷൻ ശാസിച്ചിട്ടുണ്ടെന്നും ഷാഹിദ കമാൽ പ്രതികരിച്ചിരുന്നു.