ന്യൂഡല്‍ഹി: ഹോളിവുഡ് നടി സൈറ വാസിം വിമാനത്തില്‍ അപമാനിക്കപ്പെട്ടെന്ന് പരാതി. എയര്‍ വിസ്താര വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് നടിക്ക് സഹയാത്രികനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ദുരനുഭവം വിവരിക്കുന്ന വീഡിയോ നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്. മണിക്കൂറുകള്‍ക്കകം നടപടിയെടുത്ത് പൊലീസ്. നടിയുടെ പരാതിയില്‍ ഒരാള്‍ പിടിയിലായി.
വികാസ് സച്‌ദേവ് എന്ന മുപ്പത്തിയൊന്‍പതുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ അനില്‍ കുംഭാരെ അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് അറസ്റ്റ്. മറ്റു വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എയര്‍ വിസ്താര വിമാനത്തില്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വിവരിച്ച് ഇന്‍സ്റ്റഗ്രാമിലാണ് സൈറ വാസിം വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തു. അതിന്റെ അടിസ്ഥാനത്തിനാണ് സഹര്‍ പൊലീസ് കേസെടുത്തത്. അന്വേഷണം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.
നടിയുടെ ഇന്‍സ്റ്റഗ്രാം വിഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും എയര്‍ വിസ്താരയോടു വിശദീകരണം ആവശ്യപ്പെട്ടു.
സീറ്റിനു പിന്നിലിരുന്ന വ്യക്തി താന്‍ പാതിയുറക്കത്തിലായിരിക്കുമ്പോള്‍ കാലുകൊണ്ട് പിന്നില്‍നിന്ന് കഴുത്തുവരെ ഉരസി അപമാനിച്ചുവെന്നാണ് താരത്തിന്റെ ആരോപണം. തനിക്കുണ്ടായത് വളരെ മോശം അനുഭവമാണെന്നും ഇവര്‍ പറയുന്നു. ‘അയാള്‍ ചെയ്തതു ശരിയായില്ല. ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാകരുത്. ഇത് ഭീകരമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നത് ഇങ്ങനെയാണോ? നമ്മെ സഹായിക്കാന്‍ നാം സ്വയം തീരുമാനിച്ചില്ലെങ്കില്‍ ആരും സഹായത്തിനുണ്ടാകില്ല’- ഈ വ്യക്തിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു മൂലം സാധിച്ചില്ലെന്നും നടി വ്യക്തമാക്കുന്നു.
‘പതിനഞ്ചു മിനിറ്റോളം അയാള്‍ മോശം പെരുമാറ്റം തുടര്‍ന്നു. അയാള്‍ എന്റെ ചുമലില്‍ തട്ടുകയും കാലുകൊണ്ട് പുറവും കഴുത്തും തിരുമ്മുകയും ചെയ്തു. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യമൊക്കെ വിമാനത്തിന്റെ ഇളക്കം മൂലം തനിക്കു തോന്നുന്നതാണെന്നാണു കരുതിയത്. പിന്നീടാണ് തന്നെ മനഃപൂര്‍വം അപമാനിക്കുന്നതാണെന്നു മനസ്സിലായത്’- നടി പറഞ്ഞു. തന്നെ സഹായിക്കാന്‍ തയാറാകാതിരുന്ന വിമാനാധികൃതരെയും വിമര്‍ശിച്ചു.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ വിസ്താര അറിയിച്ചു. മറ്റൊരു യാത്രക്കാരിയും ഇതേ അനുഭവത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എയര്‍ വിസ്താര വ്യക്തമാക്കി.