![](https://dailyindianherald.com/wp-content/uploads/2021/09/k-sudhakarana-and-anilkumar.png)
കൊച്ചി : വിട്ടുപോയ മൂന്ന് നേതാക്കളും മാലിന്യങ്ങളാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വീണ്ടും ആവർത്തിച്ച് രംഗത്ത് .കോൺഗ്രസ് വിട്ട് സിപിഎം പാളയത്തിലെത്തിയ നേതാക്കൾക്കെതിരെയാണ് രൂക്ഷ വിമർശനം ഉയർത്തിയത് . വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് ശേഷം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
സജീവമായി പ്രവർത്തിച്ചതുകൊണ്ട് മാത്രം ബഹുമാന്യത കിട്ടില്ല. ജനവിശ്വാസ്യത ആർജിക്കാൻ കഴിയാത്ത നേതാക്കൾ മാലിന്യങ്ങൾ തന്നെയാണ്. 32 വർഷം കോൺഗ്രസിൽ നിന്നിട്ട് ഒരു അണിയെ പോലും ഉണ്ടാക്കാൻ കഴിയാത്തവർ ദുർമ്മേദസാണ്. സിപിഎമ്മിലേക്ക് പോയപ്പോൾ കെ പി അനിൽകുമാറിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. പോയ 3 പേരുടെ കൂടെയും ആരും പോയിട്ടില്ല. പാർട്ടിയോട് നന്ദികേട് കാണിച്ചാണ് അവർ പോയത്.
മാനദണ്ഡമില്ലാതെ ഭാരവാഹികളെ തീരുമാനിക്കാൻ കഴിയില്ല. താഴെ തട്ട് വരെ മാനദണ്ഡമുണ്ടാകും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികമാണ്. എപ്പോൾ ആലപ്പുഴയിലെത്തിയാലും വെള്ളാപ്പള്ളിയെ കാണാറുണ്ട്. അഞ്ച് മിനിറ്റ് നേരം കൂടിക്കാഴ്ച നടത്തി. വിശേഷങ്ങൾ ചോദിച്ച ശേഷം തിരികെ പോന്നുവെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.