സുധാകരന്റെ വരവോടെ കോൺഗ്രസ് സമ്പൂർണ്ണ തകർച്ചയിലേക്ക് .ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നും ഒഴുക്കുണ്ടാകും. കെ സുധാകരന്‍ കോണ്‍ഗ്രസിന് ബാധ്യതയെന്ന് വിലയിരുത്തൽ.

K.Sudhakaran

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആയി കെ സുധാകരൻ ദയനീയമായിരിക്കും .അമ്പേ തകർന്ന കോൺഗ്രസിന്റെ അവസാന അന്തകൻ ആയിരിക്കും കെ സുധാകരൻ .ഒരു പട്ടം അണികളെ ബിജെപിയിൽ എത്തിക്കാനും മാത്രമായിരിക്കും സുധാകരൻ പ്രസിഡന്റ് ആയതിന്റെ ബാക്കി പത്രം .’ബിജെപിയുമായി യോജിച്ച് പോകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. അതില്‍ തര്‍ക്കമെന്താ?’ – മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ സുധാകരന്‍ പറഞ്ഞ വാക്കുകളാണിത്. അതേ സുധാകരനെയാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ചുമതല ഹൈക്കമാന്‍ഡ് ഏല്‍പിച്ചിരിക്കുന്നത്.കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നതായിരുന്നു ഉയര്‍ന്ന മുദ്രാവാക്യം. എന്നാല്‍ കെ സുധാകരന്‍ ഇത്രനാളും ശ്രദ്ധ കേന്ദ്രീകരിച്ച കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണെന്ന ചോദ്യവും ഏറെ നിര്‍ണായകമാണ്. 11 ല്‍ വെറും രണ്ട് സീറ്റാണ് ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റേത് ദയനീയ പരാജയം ആയിരുന്നു.

ഈ പരാമര്‍ശത്തെ കുറിച്ച് സുധാകരന്‍ പിന്നീട് വിശദീകരിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ അതിന്റെ ചൂടാറും മുമ്പായിരുന്നു, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്ന് കെ സുധാകരന്‍ പറഞ്ഞത്. രണ്ട് സംഭവങ്ങളും കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുള്ള കാര്യങ്ങളായിരുന്നു. വാക്കുകള്‍ക്ക് നിയന്ത്രണമില്ലാത്ത നേതാവ് എന്നൊരു വിശേഷണം കൂടിയുണ്ട് സുധാകരന്. അതുകൊണ്ട് തന്നെ പുതിയ കെപിസിസി അധ്യക്ഷന്‍ പാര്‍ട്ടിയ്ക്ക് വലിയ ബാധ്യതയാകുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിത്തട്ട് മുതല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് കെ സുധാകരന്റെ മുന്നിലുള്ള വെല്ലുവിളി. പലയിടത്തും ബൂത്ത് കമ്മിറ്റികള്‍ പോലും നിലവില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഗ്രൂപ്പുകള്‍ക്കപ്പുറത്തേക്ക്, കെട്ടുറപ്പുള്ള പാര്‍ട്ടി സംവിധാനം കെട്ടിപ്പടുക്കാന്‍ കെ സുധാകരന് സാധിക്കുമോ എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്. കെ സുധാകരന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിലെ മിതവാദികള്‍ക്ക് മുമ്പേ ദഹിക്കാത്ത ഒന്നാണ്. ‘അഗ്രസീവ് പൊളിറ്റിക്‌സ്’ ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന് അനിവാര്യമാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ ആകെ തകര്‍ന്ന് നില്‍ക്കുമ്പോള്‍, ആക്രമണോത്സുക നിലപാടുകള്‍ സ്വീകരിച്ചാല്‍ അത് പൊതുസമൂഹത്തിന് ദഹിക്കുമോ എന്നാണ് ചിലരുടെ ആശങ്ക.

വെട്ടൊന്ന് മുറി രണ്ട് എന്ന് മട്ടിലാണ് പലപ്പോഴും കെ സുധാകരന്‍ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യാറുള്ളത്. തന്റെ പ്രവര്‍ത്തന ശൈലി മാറ്റില്ലെന്നാണ് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിച്ച് പറയുന്നത്. കെപിസിസി അധ്യക്ഷ പദവിയില്‍ ഇരുന്നും ഇതേ ശൈലിയാണ് കെ സുധാകരന്‍ തുടരുന്നത് എങ്കില്‍, കോണ്‍ഗ്രസിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാകും.

ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം എന്നൊരു വിമര്‍ശനവും കെ സുധാകരനെതിരെ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. കേഡര്‍ പാര്‍ട്ടികളിലെ നേതാക്കളെ പോലെയാണ് സുധാകരന്റെ ഇടപെടലുകള്‍ എന്നും വിലയിരുത്തലുണ്ട്. കോണ്‍ഗ്രസ് പോലെ ഒരു ലിബറല്‍ പാര്‍ട്ടിയില്‍ ഇത്തരം സമീപനം സ്വീകരിച്ചാല്‍ എത്രനാള്‍ സഹിക്കാനാകും എന്നാണ് വേറൊരു കൂട്ടരുടെ ചോദ്യം.

കവല പ്രസംഗങ്ങളില്‍ അണികളെ ഹരം കൊള്ളിക്കാന്‍ ഉതകുന്ന പദപ്രയോഗങ്ങള്‍ കെ സുധാകരന്റെ പ്രത്യേകതയാണ്. എന്നാല്‍, ആ പദപ്രയോഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തെത്തിയാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. പ്രതിച്ഛായ എന്നത് കെപിസിസി അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ ഏറെ നിര്‍ണായകമായ ഒന്നാണ്. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ അപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പൊതുജനങ്ങളില്‍ എത്രത്തോളം അവമതിപ്പുണ്ടാക്കി എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്നതരത്തില്‍ ഈ തിരഞ്ഞെടുപ്പുകാലത്താണ് കെ സുധാകരന്‍ പ്രസംഗിച്ചത്. അതിന് മുമ്പും സമാനമായ കാര്യങ്ങള്‍ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. കെപിസിസി അധ്യക്ഷപദവിയില്‍ എത്തിയതിന് ശേഷം ഇത് തുടര്‍ന്നാല്‍, അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ തന്നെ ആയിരിക്കും ബാധിക്കുക.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും കെ സുധാകരന്റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. അപ്പോള്‍ അവരെ നിലയ്ക്ക് നിര്‍ത്താനുള്ള നീക്കം സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. സമവായം മിക്കപ്പോഴും സുധാകരന്റെ വഴിയല്ല. അതുകൊണ്ട് തന്നെ കടുത്ത യുദ്ധത്തിലേക്ക് ഇത് നയിക്കാനുള്ള സാധ്യതയും കുറവല്ല. അങ്ങനെ വന്നാല്‍ വിഴുപ്പലക്കല്‍ പരസ്യമാവുകയും പലമുതിര്‍ന്ന നേതാക്കളും സുധാകരന്റെ നാവിന്റെ ചൂടറിയുകയും ചെയ്യും. ആത്യന്തികമായി കോണ്‍ഗ്രസിന് ദോഷം ചെയ്യുകയും ചെയ്യും.

സിപിഎമ്മിനെ അക്രമ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞാണ് മിക്കപ്പോഴും കോണ്‍ഗ്രസ് ആക്രമിക്കാറുള്ളത്. കെ സുധാകരന്‍ കെപിസിസിയുടെ അധ്യക്ഷനാകുമ്പോള്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും സാധുതയുണ്ടാകുമോ എന്ന തോദ്യവും കോണ്‍ഗ്രസിലെ മിതവാദികള്‍ ഉന്നയിക്കുന്നുണ്ട്.

ബിജെപിയുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ചിലത് തുടക്കത്തില്‍ സൂചിപ്പിച്ചല്ലോ. സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിനാണ് മുന്‍ഗണന എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ളത്. അങ്ങനെയുള്ള പോരാട്ടങ്ങളില്‍ കെ സുധാകരന്റെ സാന്നിധ്യം തന്നെ എതിരാളികള്‍ വിമര്‍ശന വിധേയമാക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ മറികടന്ന് കെ പി സി സി അധ്യക്ഷ പദവിയില്‍ നിയോഗിക്കപ്പെട്ട കെ സുധാകരനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളിയും ഗ്രൂപ്പുകള്‍ തന്നെയാവും. ഗ്രൂപ്പ് മാനേജര്‍മാര്‍ വിചാരിച്ചാല്‍ മാത്രം ചലിക്കുന്ന സംഘടനാ സംവിധാനത്തെ വരുതിയിലാക്കാന്‍ ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും. ഗ്രൂപ്പിനപ്പുറം കെ പി സി സി അധ്യക്ഷ പദവിയിലെത്തിയവരായിരുന്നു മുന്‍ അധ്യക്ഷന്‍മാരായിരുന്ന വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. ഗ്രൂപ്പുകളുടെ ട്രപ്പീസ് കളിക്കിടെ വേണ്ടത്ര മെയ് വഴക്കം കാട്ടാനാവാതെ പോയതായിരുന്നു ഇരുവരുടേയും പതനത്തിനും കാരണം. കെ പി സി സി തീരുമാനിച്ചാലും താഴെ തട്ട് അനങ്ങണമെങ്കില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ സിഗ്‌നല്‍ നല്‍കേണ്ട അവസ്ഥ. ഗ്രൂപ്പുകളുടെ പിടിവാശിക്ക് മുന്നില്‍ താല്‍പര്യമില്ലാതിരുന്നിട്ടും ജംബോ ഭാരവാഹികളുമായി പാര്‍ട്ടിയെ നയിക്കേണ്ടി വന്നു.

നല്ല രാഷ്ട്രീയ പരിചയമുള്ള ഒരാളാണ് ഞാന്‍. പുതുമുഖമൊന്നുമല്ല. 50 കൊല്ലമായി പണിതുടങ്ങിയിട്ട്. എനിക്കറിയാം അവരെയൊക്കെ എങ്ങനെ സഹകരിപ്പിക്കണമെന്ന്.. ഞാന്‍ സഹകരിപ്പിക്കും’- എന്നാണ് സുധാകരന്റെ പ്രതികരണം. കുത്തഴിഞ്ഞ് കിടക്കുന്ന സംഘടനാ സംവിധാനത്തെ നേരയാക്കുകയെന്നതാവും സുധാകരന്‍ ടീം നേരിടാനിരിക്കുന്ന ആദ്യ വെല്ലുവിളി. താഴേതട്ട് മുതലുള്ള പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാക്കുകയെന്നതും പ്രധാനപ്പെട്ട ഘടകമാണ്. പുനഃസംഘടനയാണ് ആദ്യ അജണ്ടയെന്ന് സുധാകരന്‍ വ്യക്തമാക്കുന്നുണ്ട്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും കാര്യപ്രാപ്തിക്ക് മുന്‍ഗണന നല്‍കുമെന്നും സുധാകരന്‍ പറയുമ്പോള്‍ ഗ്രൂപ്പുകളുടെ ഭാഗമായി അവസരം ലഭിച്ചവരെ ഒഴിവാക്കുമെന്ന് തന്നെയാണ് ചുരുക്കം.

Top