രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടത്.വൈഷ്ണയ്ക്ക് മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുത്- ഹൈക്കോടതി.കക്ഷി ചേർക്കണമെന്ന തിരുവന്തപുരം കോർപറേഷൻ്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വിമര്‍ശനവുമായി കേരള ഹൈക്കോടതി. വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.വൈഷ്ണയുടെ പേര് ഒഴിവാക്കിയത് അനീതിയാണെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഇടക്കാല ഉത്തരവിറക്കി. വൈഷ്ണയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

നവംബർ 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രാഥമിക വോട്ടർപട്ടികയിലും അന്തിമ പട്ടികയിലും വൈഷ്ണയുടെ പേരുണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇതിനിടെയാണ് വൈഷ്ണ ആ വിലാസത്തിലെ താമസക്കാരിയല്ലെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതി നൽകിയത്. ഇതിനൊപ്പം രേഖകൾ ഒന്നും സമർപ്പിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്യോഗസ്ഥർ മുമ്പാകെ നാളെ ഹാജരാവാൻ പരാതിക്കാരന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ കക്ഷി ചേർക്കണമെന്ന തിരുവന്തപുരം കോർപറേഷൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. കോർപ്പറേഷന് ഇതിൽ കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

വോട്ടര്‍ പട്ടികയിലെ പേരു വെട്ടിയതിനെതിരെയാണ് മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. പേരു വെട്ടിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണന്നും ഏകപക്ഷീയമായി പേരു നീക്കം ചെയ്തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കെട്ടിട നമ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് വെട്ടിയത്. സിപിഎം ബ്രാഞ്ച് അംഗത്തിൻ്റെ പരാതിയിലായിരുന്നു വൈഷ്ണയുടെ പേരു വെട്ടിയത്.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചപ്പോൾ നൽകിയ വീട്ട് നമ്പർ തെറ്റായിപ്പോയതാണ് വൈഷ്ണയ്ക്ക് തിരിച്ചടിയായത്. ഇതിനെതിരെ അവർ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ വേണ്ടിയാണ് ഹൈക്കോടതി ഇപ്പോൾ ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. സപ്ലിമെന്ററി പട്ടികയിൽ പേരില്ലാത്തതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം.

Top