കുഴഞ്ഞു വീണു; തമിഴ്നടന്‍ വിശാല്‍ ആശുപത്രിയില്‍

ദില്ലി: കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് തമിഴ് നടന്‍ വിശാലിനെ ഡല്‍ഹിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ഡല്‍ഹിയില്‍ പോയതായിരുന്നു വിശാല്‍. ചിത്രീകരണത്തിനിടെ വിശാല്‍ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അണിയറ പ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. താരസംഘടനയായ നടികര്‍ സംഘത്തിന്റെ നേതാവും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ അദ്ധ്യക്ഷനുമാണ് വിശാല്‍. സിനിമയുടെ ഷൂട്ടിങ്ങ് കൂടാതെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി വിശാല്‍ വളരെ തിരക്കിലായിരുന്നു. കൃത്യസമയത്ത് വിശ്രമിക്കാത്തത് കൊണ്ടാണ് വിശാല്‍ കുഴഞ്ഞുവീണതെന്ന് വിശാലിനോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest
Widgets Magazine