‘കിടക്കുന്ന സ്ത്രീ’ എന്ന ചിത്രം ലേലം ചെയ്തപ്പോള്‍ കിട്ടിയത്, 1137 കോടി രൂപ

ന്യൂദല്‍ഹി: അക്ബര്‍ പദംസിയുടെ ഒരു പെയിന്റിങ് 19 കോടി രൂപ ലേലത്തില്‍ നേടിയപ്പോള്‍, കഴിഞ്ഞ കൊല്ലം നവംബറില്‍ ലോകത്തില്‍ ഏറ്റവും വില നേടിയ ചിത്രത്തിന്റെ കഥ അതു ശ്രദ്ധയില്‍ കൊണ്ടുവന്നു. കഴിഞ്ഞ കൊല്ലം നവംബറില്‍, ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ്, മോദിഗ്ലിയാനിയുടെ ‘കിടക്കുന്ന സ്ത്രീ’ എന്ന ചിത്രം ലേലം ചെയ്തപ്പോള്‍ കിട്ടിയത്, 1137 കോടി രൂപ.

ചൈനീസ് ശതകോടീശ്വരന്‍ ലിയു യിക്വാന്‍ ആണ് ലേലത്തില്‍ പിടിച്ചത്; എന്നാല്‍, പദംസിയുടെ ചിത്രത്തിനു 19 കോടി രൂപ നല്‍കിയ ആളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.
ഇറ്റാലിയന്‍ ജൂതനായ അമേദിയോ മോദിഗ്ലിയാനി (1884-1920) സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായിരുന്നു; സ്വന്തം ജീവിതകാലത്ത് അറിയപ്പെട്ടില്ല. ഫ്രാന്‍സില്‍ പോയി വരച്ച അദ്ദേഹം 35-ാം വയസ്സില്‍ മസ്തിഷ്‌കജ്വരത്താല്‍ മരിച്ചു.

‘കിടക്കുന്ന സ്ത്രീ’ എന്ന ഒരു ചിത്രം പദംസിക്കുമുണ്ട്. ഇതിനു മുന്‍പ്, ഏറ്റവും കൂടുതല്‍ വില നേടിയ ചിത്രമാണ്, അത്. 1960 ല്‍ അദ്ദേഹം വരച്ച ആ ചിത്രം, 2011 ല്‍ ലണ്ടനിലെ സോത്ബി ലേലം ചെയ്തപ്പോള്‍ കിട്ടിയത്, 9.3 കോടി രൂപ.

ഇപ്പോള്‍ 19 കോടി കിട്ടിയ ‘ഗ്രീക്ക് ലാന്‍ഡ്‌സ്‌കേപ്പ്’ എന്ന ചിത്രവും 1960 ല്‍ വരച്ചതാണ്. അത് 1000 രൂപയ്ക്ക് വാങ്ങിയ ചിത്രകാരനായ കിഷന്‍ ഖന്നക്ക് ഇപ്പോള്‍ 92 വയസുണ്ട്; പദംസിക്ക് 89. ഇരുവരും സുഹൃത്തുക്കള്‍. 4.3ഃ12 ആണ് ‘ഗ്രീക്ക് ലാന്‍ഡ്‌സ്‌കേപ്പി’ന്റെ കാന്‍വാസ്.
”അതു വലിയ ചിത്രമാണ്. കാത്തു സൂക്ഷിക്കാന്‍ പ്രയാസം. അതുകൊണ്ട്, ആ നല്ല ചിത്രം വിറ്റോളാന്‍ മകനോടു പറഞ്ഞു,” കിഷന്‍ ഖന്ന അറിയിച്ചു.

 

Latest
Widgets Magazine