വൈദീകരെ അവഹേളിച്ച ബെന്യാമന്‍ വായിച്ചറിയാന്‍; ആടുജീവിതക്കാരന്റെ കോഡുഭാഷയ്ക്കൊരു മറുപടി

റയാന്‍ ആഗ്രഹിച്ചതല്ല, ആരുടേയും വക്താവുമല്ല. പക്ഷേ, പറയേണ്ടത് പറയേണ്ടപ്പോള്‍ പറയാതെ പോയാല്‍ ‘ദൈവത്തിന്റെ വലതുകരം’ പേരിലേറ്റുന്നവന്‍( ബെന്യാമന്‍) ഇനിയും വിഡ്ഢിത്വം പുലമ്പുമെന്നതിനാല്‍ എഴുതുകയാണ്.

ബെന്ന്യാമിന്‍ എന്ന ഒരു സാഹിത്യകാരന്‍ (മോഹന്‍ ലാലിന്റെ സുഹൃത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ ആരാണിയാള്‍..?’) ചില വിവാദങ്ങളില്‍ വിധി കര്‍ത്താവായി വന്നതാണ് ഈ കുറിപ്പിനാധാരം.

ഇന്ത്യയിലെ സുറിയാനി സഭകളിലെ ഏറ്റവും വലിയ സഭയായ കേരള കത്തോലിക്കാ സഭയെ കാടടിച്ചു അപമാനിച്ച ബന്ന്യമിന്‍ കത്തിനു പുറമേ കത്തുകളെഴുതി ഒരു പ്രതിനായകനാകുന്നതിന്റെ പിന്നിലെ രാഷ്ട്രീയവും കച്ചവടസാധ്യതകളും അറിയുന്നതിനു അതിവേഗം ബഹുദൂരം പോകേണ്ടതില്ല. പന്തളത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമത്തില്‍ ആടു ജീവിത കഥയിലൂടെ മലയാളത്തില്‍ പ്രശസ്തി നേടിയ ഈ വക്തി ഒരു സമൂഹത്തിന്റെ പ്രതിധ്വനിയാകാന്‍ മാത്രം വളര്‍ന്നുവെങ്കില്‍ ആ നിലവാരത്തില്‍ നിന്നുകൊണ്ടു വസ്തുതകളെ വിലയിരുത്തണമായിരുന്നു.

ക്രൈസ്തവ സമൂഹത്തിലെ ഒരു ന്യൂനപക്ഷവിഭാഗത്തില്‍പ്പെടുന്ന ഈ സാഹിത്യകാരന്‍ എന്തുമാത്രം മുഖ്യധാരാ സമൂഹത്തനെ അടുത്തറിഞ്ഞിട്ടുണ്ട് എന്നെനിക്ക് സംശയമുണ്ട്. പൗരോഹിത്യത്തിലെ ബ്രഹ്മചര്യം കത്തോലിക്കാ സഭയുടെ മുഖമുദ്രയാണ്. ഒരു പക്ഷേ, യോഗീവര്യന്മാരായ അവരുടെ നന്മകളാണ് കുടുംബജീവിതത്തിന്റെ സ്വാര്‍ത്ഥതകള്‍ക്കു അപ്പുറത്ത് ഒരു പൊതുനന്മ സൃഷ്ടിക്കാന്‍ പര്യാപ്തമായത്. കേരളചരിത്രം പ്രത്യേകം പരിശോധിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ.

സാമ്പത്തികമായി സാധാരണമായിരുന്ന ക്രിസ്ത്യന്‍ സമൂഹത്തെ സഹവര്‍ത്തിത്വത്തിന്റെ, സഹകരണത്തിന്റെ സഹനത്തിന്റെ, പങ്കു വയ്ക്കലിന്റെ സിദ്ധാന്തത്തിലൂന്നു പുരോഗമനത്തിന്റെ പാതയിലേയ്ക്കു നയിച്ച വൈദിക ശ്രേഷ്ഠപള്ളികളും പള്ളിക്കുടങ്ങളും പിടിയരിച്ചോറില്‍ നിന്നു പിറന്ന ഉച്ചക്കഞ്ഞി വിപ്ലവവുമെല്ലാം സമൂഹ നന്മയ്ക്കായി മാറ്റി അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു പേരാണ് ഇന്ന് വിശുദ്ധനായി അറിയപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍.

കേരള ക്രൈസ്തവ സംസ്‌കാരത്തെ തങ്ങളുടെ വാല്കഷ്ണമാക്കി മാറ്റാന്‍ ശ്രമിച്ച സിഎംഎസ് (ബ്രിട്ടീഷ്) മാനേജ്മെന്റിനെ ബൗദ്ധികമായി നേരിട്ട് തോല്പിച്ചവനാണ് ചാവറയച്ചന്‍ അച്ചടിയുടെ വിവരസാങ്കേതികവിദ്യ തിരുവതാംകൂര്‍ രാജാവിന്റെ പ്രസില്‍ നിന്നു വാഴപ്പിണ്ടിയില്‍ പകര്‍ത്തിയെടുത്ത് അതിസാഹസികമായി കോട്ടയത്ത് വന്ന് തദ്ദേശീയമായി ഒരു പ്രസ് ആദ്യമായി ഉണ്ടാക്കിയത് ചാവറയച്ചനായിരുന്നു. കോട്ടയത്ത് അന്നുള്ള വിദേശ മിഷനറിമാരുടെ ഔദാര്യം തേടിയിരുന്നെങ്കില്‍ ചുളുവില്‍ നേടാമായിരുന്ന ഒരു പ്രീണനത്തെ ആത്മാഭിമാനവും ആത്മവിശ്വാസവും കൊണ്ടു നേരിട്ട കര്‍മ്മയോഗിയുടെ ഇളം തലമുറക്കാരോടാണോ ഇന്നും സായിപ്പിനെ കണ്ടാല്‍ കവാത്തുമറക്കുന്ന വിശ്വാസക്കാരനായ ബന്ന്യാമിന്റെ കുഴലൂത്ത്.

കലാഭവന്‍ എന്ന സാംസ്‌കാരിക പ്രസ്ഥാനത്തെ വിഭാവനം ചെയ്യുകയും കഴിവുമാത്രം മാനദണ്ഡമാക്കുകയും ചെയ്ത ഫാദര്‍ ആബേല്‍ ബന്ന്യാമിന്റെ നാട്ടില്‍ ഒറു പക്ഷെ അറിയപ്പെടുന്ന ആളാവാം. കലാഭവന്‍ എന്ന വാല്‍ക്കഷണം കച്ചവടമൂല്യമുള്ളതാക്കിയതില്‍ ഹിന്ദുവുണ്ട്, മുസല്‍മാസനുണ്ട് എല്ലാവരും ഉണ്ട്. ഒരു പക്ഷേ, വിവരം കെട്ട കുറേ മനോമരക്കാരും ബന്ന്യാമിന്‍മാരും മാത്രം കാണില്ല.

ഭാരതഭാഷയില്‍ ആദ്യയാത്രാ വിവരണ പുസ്തകമായ ‘വര്‍ത്തമാനപുസ്തകം’ ബെന്ന്യാമിന്റെ മുതുമുത്തശ്ശിമാര്‍ മാറുമറയ്ക്കാന്‍ അനുവാദം നേടുന്നതിനു മുമ്പെഴുതിയ പുസ്തകമാണ്. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ആണ് അതിന്റെ പുത്തന്‍ ആഖ്യാനത്തിനു അവതാരിക പോലും എഴുതിയത്. അക്ഷരത്തിന്റെ ആദ്യാവിഷ്‌കരണമായ ദീപിക പത്രം ഒരു പക്ഷേ, മാണിക്കത്തനാരെ പോലുള്ളവരുടെ ആത്മാവിഷ്‌കരണമാണ്.

ഇതെല്ലാം മറന്നിട്ട് മാന്യമായ് മറുപടി പറഞ്ഞ ഒരു വൈദികനെ വീണ്ടും അവമതിക്കുന്ന രീതിയില്‍ എഴുതിയ സംസ്‌കാരം വിവരക്കേടിന്റെ പ്രതിഫലനമാണ്. മേല്‍പ്പറഞ്ഞ മാന്യവ്യക്തികളെല്ലാം കടുക്കാവെള്ളം സേവിക്കാതെ തന്നെ സാമൂഹിക സേവനം ചെയ്തവരാണ്. അവരുടെ നന്മകളൊക്കെ ചേര്‍ത്തു വായിച്ചു വേണം കേരളത്തിന്റെ പുരോഗമനത്തെ വിലയിരുത്താനും മുന്നോട്ടു ചിന്തിക്കാനും. അനേകം സഭകളുടെ കൂട്ടായ്മയായ കേരള കത്തോലിക്കാ സഭയില്‍ പുഴുക്കുത്തുകള്‍ പലതുണ്ട്.

അതിലൊന്നാണ് ജാതീയതയോടും വര്‍ഗാഭിമുഖ്യത്തോടുമുള്ള പ്രതിബന്ധത. ലത്തീന്‍ കത്തോലിക്കരും, ക്ലാനായ കത്തോലിക്കരും അവരവരുടെ തലങ്ങളില്‍ സഞ്ചരിക്കുന്നവരാണ്. മലങ്കര കത്തോലിക്കരാകട്ടെ അവരുടെ ചെറിയ തലത്തില്‍ നിന്നു വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ മിടുക്കരുമാണ്. മീനച്ചിലാറിന്റെ നാലു ദിക്കുകളിലും തൃശൂര്‍, അങ്കമാലി, മലബാര്‍ മേഖലകളിലുമായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ കത്തോലിക്കരിലെ ഭൂരിപക്ഷമായി നിലകൊള്ളുന്നു.

അങ്ങിനെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടു പോകുന്ന ഒരു പ്രസ്ഥാനത്തില്‍ അവിടെയും ഇവിടെയുമുണ്ടാകുന്ന പാളിച്ചകളെ പര്‍വതീകരിക്കുകയും മറ്റു സമൂഹങ്ങള്‍ക്കു മുന്നില്‍ താറടിക്കുകയും ചെയ്യുക എന്നത് ധീഷണാശാലിയായ താങ്കള്‍ക്ക് അലങ്കാരമല്ല. പാരമ്പര്യത്തിന്റെ അന്തസത്തയിലൂന്നിയ ഒരു പുരോഹിത വര്‍ഗത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കത്തോലിക്കരും ആത്മവിചിന്തനം നടത്തുന്നത് അഭിലഷണീയമായ കാര്യമാണ്.

Latest