സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച് കേജ്രിവാള്‍; ആം ആദ്മി സര്‍ക്കാര്‍ ജനങ്ങളെ പുരോഗതിയിലേയ്ക്ക് നയിക്കുന്നവിധം

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയുടെ കരുത്ത് കാണിക്കുന്നതാണ്. അഴിമതിയ്‌ക്കെതിരെ യുദ്ധം ചെയ്ത് അധികാരത്തില്‍വന്ന കേജ്രിവാള്‍ സമൂഹത്തിന്റെ സമഗ്ര പരിഷ്‌ക്കരണം ലക്ഷ്യം വച്ചാണ് മുന്നേറുന്നത്. ചേരി നിവാസികള്‍ക്ക് സ്വന്തമായി ഫ്‌ലാറ്റ് നല്‍കി ഞെട്ടിച്ച സര്‍ക്കാര്‍ ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ വെല്ലുന്ന രീതിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ ഉടച്ച് വാര്‍ത്ത് മാറ്റത്തിന്റെ കൊടി വീണ്ടും പാറിച്ചിരിക്കുകയാണ്. ഡല്‍ഹിയുടെ സമഗ്ര മേഖലയെയും പുരോഗതിയിലേക്ക് നയിക്കാന്‍ കെജ്രിവാളിനും കൂട്ടര്‍ക്കുമായിട്ടുണ്ട്. അഴിമതിയില്ലാത്ത സുതാര്യ ഭരണമാണ് കെജ്രിവാള്‍ നടത്തുന്നത്.

വിദ്യാഭ്യഭ്യാസ മേഖലയിലും ഈ വിപ്ലവം ദൃശ്യമായിരുന്നു. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ വന്‍കിട മാനേജ്മെന്റ് സ്‌കൂളിനെ പോലും വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിലേക്ക് കുതിക്കുകയാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍.
അന്താരാഷ്ട്ര നിലവാരം എന്നത് അടിസ്ഥാന സൗകര്യ വികസനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അത് അദ്ധ്യാപകരുടെ കാര്യത്തില്‍ മുതല്‍ തുടങ്ങുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയുടെ നേതൃത്വത്തില്‍ വിപ്ലവകരമായ മാറ്റമാണ് കുറഞ്ഞ കാലത്തിനിടയില്‍ ഡല്‍ഹിയില്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തുകൊണ്ടുവന്നത്. 2015 ല്‍ മനീഷ് സിസോദിയ തന്നെ പ്രഖ്യാപിച്ച മോഡല്‍ സ്‌കൂള്‍ പദ്ധതി വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് സ്‌കൂള്‍ പരിഷ്‌ക്കരണം.
എ സിയും എല്‍സിഡി സ്‌ക്രീനുമുള്ള സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘ചുനോട്ടി 2018’ ന്റ ഭാഗമായി ഡല്‍ഹിയിലെ സ്‌കൂളുകളെല്ലാം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് എ സി ക്ലാസ്സ് മുറികള്‍, മുറികളില്‍ പഠനത്തിനായി കമ്പ്യൂട്ടര്‍ എല്‍ സി ഡി സ്‌ക്രീന്‍,വിദ്യാര്‍ത്ഥികള്‍ക്കുള്ള നൂതനമായ ഇരിപ്പിടങ്ങള്‍, എന്നിവയ്ക്ക് പുറമേ ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം, ശുദ്ധജലവും വൃത്തിയുള്ള കക്കൂസ് സൗകര്യങ്ങളും സ്‌കൂളുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇങ്ങനെ അന്താരാഷ്ട്ര ക്ലാസ് സ്‌കൂളുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അദ്ധ്യാപകര്‍ സംഗീതം, നൃത്തം, ചലച്ചിത്രം, കരകൗശല നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസും പരിശീലനവും സ്‌കൂളില്‍ ഉണ്ടാകും. എ.എ.പി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ‘ ചുനോട്ടി 2018’ ന്റെ ഭാഗമായാണ് സ്‌കൂളുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടീച്ചര്‍മാര്‍ പഠിപ്പിച്ചാല്‍ മതി, മറ്റു ജോലികള്‍ക്ക് പോകേണ്ട

സ്‌കൂള്‍ ടീച്ചര്‍മാരുടെ ജോലി പഠിപ്പിക്കുന്നത് മാത്രമാക്കി ആപ്പ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നു. ഇത് പ്രകാരം സെന്‍സസ്, പോളിയോ ഇലെക്ഷന്‍ വര്‍ക്ക് തുടങ്ങിയവയില്‍ ഡല്‍ഹി അദ്ധ്യാപകര്‍ ഒഴിവായി. അതുകൊണ്ട് തന്നെ പഠിപ്പിക്കല്‍ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഇടം കിട്ടി. അദ്ധ്യാപക-രക്ഷിതാക്കള്‍ ബന്ധം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കി. കൂടാതെ അധ്യായനവും മറ്റു കാര്യങ്ങളും എളുപ്പത്തിലാക്കാന്‍ സ്‌കൂള്‍ ടീച്ചര്‍മാര്‍ക്ക് ടാബ്ലറ്റ് നല്‍കി. ഇതോടെ അവര്‍ക്ക് അറ്റന്‍ഡന്‍സ് ഷീറ്റ്, മറ്റു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുബോഴുള്ള സമയം ലാഭിക്കാനും, സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ രക്ഷ്താക്കള്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ് നല്‍കാനും സാധിക്കുന്നുണ്ട്.

സ്‌കൂളിലെ ക്ലീനിങ് അറ്റകുറ്റപ്പണികള്‍ മാത്രം നോക്കിനടത്താന്‍ എസ്റ്റേറ്റ് മാനേജര്‍ എന്ന തസ്തിക കൂടി സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതോടെ പ്രിന്‍സിപ്പലിന്റെ അധിക ജോലിയാണ് ഒഴിവായത്. പഠിപ്പിന്റെയും മറ്റു കാര്യങ്ങളും മാത്രമായി പ്രിന്‍സിപ്പലിന് ശ്രദ്ധിക്കാന്‍ സാധിക്കുന്നു. പഠനം നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ കേംബ്രിജ് പോലുള്ള സര്‍വകലാശാലയില്‍ അയച്ചു ട്രയിനിങ് നല്‍കുകയുമുണ്ടായി. സ്‌കൂള്‍ ടീച്ചര്‍മാരേ സിംഗപ്പൂരില്‍ ട്രെയിനിംഗിനും അയച്ചു. അവിടങ്ങളിലെ നല്ല വിഭ്യാഭ്യാസത്തിന്റെ മോഡല്‍ പ്രാവര്‍ത്തികമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
ചുനോട്ടി 2018ന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റും തയ്യാറാക്കിയിരുന്നു. ഇത്തരത്തില്‍ എഴുത്തും വായനയും അറിയാത്ത കുട്ടികള്‍ക്ക് പ്രത്യേകമായി ക്ലാസുകള്‍ എടുത്തു അവരെ മറ്റു കുട്ടികളുടെ നിലവാരത്തില്‍ എത്തിക്കാനുള്ള പ്രത്യേക പദ്ധതിയും വിജയകരമായി നടപ്പിക്കിക്കൊണ്ടിരിക്കയാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍.
അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കാന്‍ വേണ്ടി കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനമാണ് ഡല്‍ഹി സര്‍ക്കാറിന്റെ മറ്റൊരു സുപ്രധാന നേട്ടം. ഒരു ക്ലാസ്സില്‍ 50ല്‍ കൂടുതല്‍ കുട്ടികള്‍ പഠിച്ചിരുന്നത് ഒഴിവാക്കാന്‍ 8000 പുതിയ ക്ലാസ്സ് റൂമുകള്‍ നിര്‍മ്മിക്കുകയാണ്. ഇതില്‍ പല സ്‌കൂളുകളും തുറന്നുകഴിഞ്ഞു. ഒരു ക്ലാസ്സില്‍ 30 കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് നിബന്ധന കൂടുതല്‍ കര്‍ക്കശമാക്കുന്നതോടെ അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും.

സ്വകാര്യ സ്‌കൂളുകള്‍ക്ക് കടിഞ്ഞാണ്‍, സാമ്പത്തികം കുറഞ്ഞവരുടെ മക്കള്‍ക്ക് 25% സംവരണം

കച്ചവട സ്ഥാപനങ്ങളായി മാത്ര പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിച്ചു എന്നതാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്റെ മറ്റൊരു സുപ്രധാന നേട്ടം. സര്‍ക്കാര്‍ ഭൂമിയില്‍ പണിത സ്‌കൂളുകള്‍ക്ക് സര്‍ക്കാറിന്റെ അേനുവാദം ഇല്ലാതെ ഫീസ് കൂട്ടാന്‍ പറ്റില്ല എന്ന നിബനന്ധ കൊണ്ടുവന്നു. സര്‍ക്കാരിന്റെ അനുവാദം കൂടാതെ അധികം ഫീസ് ഈടാക്കിയ സ്‌കൂളുകളില്‍ നിന്നും രക്ഷിതാക്കള്‍ക്ക് റീഫണ്ട് നല്‍കിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ മക്കള്‍ക്ക് 25% സീറ്റ് സംവരണം നല്‍കാനും തീരുമാനിച്ചു. ഇതെല്ലാം സാധാരക്കാര്‍ക്ക് ഏറെ ഗുണം ചെയ്തു. സ്വകാര്യ സ്‌കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട റദ്ദാക്കാനെടുത്ത തീരുമാനം സര്‍ക്കാരിന്റെ കര്‍ശന നിലപാടുകളുടെ മുഖമുദ്രയായി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 സ്‌കൂളുകള് എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഇതില്‍ 25 സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 54 മാതൃകാ സ്‌കൂളുകളും 45 സ്മാര്‍ട്ട് ക്ലാസ് മുറികളും യാഥാര്‍ഥ്യമാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വിദ്യാഭ്യാസ വായ്പ നല്‍കാനുള്ള തീരുമാനവും നിര്‍ണായകമായിരുന്നു. ഉന്നത വിദ്യാഭ്യാസ നൈപുണ്യ പദ്ധതി പ്രകാരം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ്പ നല്‍കാനും സാധിച്ചു. ഇത്തരം വായ്പ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെന്നത് തന്നെയാണ് പ്രധാന നേട്ടങ്ങള്‍.

ഇതിനിടെയും കേന്ദ്രസര്‍ക്കാറില്‍ നിന്നും ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതാണ് കെജ്രിവാള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നത്. പുതിതായി കോളേജുകളും സ്‌കൂളുകളും തുടങ്ങുന്നതില്‍ സര്‍ക്കറിന് ഫണ്ടുകളുടെ അപര്യാപ്തത ബാധിക്കുന്നുണ്ട്. എങ്കിലും തികഞ്ഞ പോരാളിയായി പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തില്‍ തന്നെയാണ് ആം ആദ്മി സര്‍ക്കാര്‍.

Top