കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്‍റെ പരാതിയില്‍ അന്വേഷണമില്ല; അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം

തിരുവനന്തപുരം:  നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥന് അങ്കമാലി മജിസ്ട്രേറ്റ് കോടതി താക്കീത് നല്‍കി. കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥനാണ്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം തൃപ്‌തികരമല്ല. കുറ്റപത്രം ചോർന്നതിൽ ദിലീപിന്റെ ആശങ്ക ന്യായമാണ്. ഇനി മുതൽ കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാൻ അതീവ ജാഗ്രത വേണമെന്നും കോടതി നിർദ്ദേശിച്ചു.കുറ്റപത്രം ചോര്‍ന്നത് ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പരാതിയിലെ തുടര്‍നടപടികള്‍ കോടതി അവസാനിപ്പിച്ചു. കേസിൽ നവംബർ 21നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കോടതി അത് ഡിസംബറിൽ മാത്രമാണ് സ്വീകരിച്ചത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ അതിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇത് അന്വേഷണ സംഘം ചോർത്തി നൽകിയതാണെന്നാണ് ദിലീപിന്റെ ആരോപണം. പൊലീസ് നൽകിയ കുറ്റപത്രം കോടതി സൂക്ഷ്മ പരിശോധന നടത്തി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വിവരങ്ങൾ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും ഇത്തരമൊരു കുറ്റപത്രത്തിന് സാധുതയില്ലെന്നും ദിലീപ് വാദിച്ചു. അതിനാൽ കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ, കുറ്റപത്രം സ്വീകരിച്ചു കഴിഞ്ഞതിനാൽ ഇനി റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കുറ്റപത്രം മാധ്യമങ്ങൾക്കു ലഭിച്ചതിൽ പൊലീസിനു പങ്കില്ലെന്നും ഫോൺരേഖകൾ ഉൾപ്പെടെ വിവരങ്ങൾ പുറത്തുവിട്ടതു ദിലീപാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്.

Top