ദിലീപിന് ആശ്വസിക്കാന്‍ ഒരു കേസ്

നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് ആശ്വാസമേകി കോട്ടയം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കുമരകത്തു ദിലീപ് ഭൂമി കൈയേറിയെന്ന പരാതിയെ തുടര്‍ന്ന് കലക്ടര്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടാണ് റവന്യു മന്ത്രിക്കു നല്‍കിയത്. കുമരകത്തെ കൂടാതെ ചാലക്കുടി, പറവൂരും ദിലീപ് ഭൂമി കൈയേറിയതായി പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഈ രണ്ടു സ്ഥലങ്ങളിലും റവന്യു ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച സര്‍വേ നടത്തുകയും ചെയ്തിരുന്നു. ഇന്നും സര്‍വേ തുടരുമെന്നാണ് വിവരം.

ദിലീപ് വാങ്ങി മറിച്ചുവിറ്റ ഭൂമിയില്‍ പുറമ്പോക്ക് ഉണ്ടെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സര്‍വേ ഉദ്യോഗസ്ഥരുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാല്‍ കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും അതിനാല്‍ കൈയേറ്റം നടന്നതായി കണ്ടെത്താനായിട്ടില്ലെ്ന്നും അവര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് ഭൂമി മറിച്ചുവില്‍ക്കുമ്പോള്‍ എങ്ങനെ ആയിരുന്നോ അതേ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും ഭൂമിയുള്ളത്. കായല്‍ പുറമ്പോക്കിനോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണെങ്കിലും ഇവിടെ കൈയേറ്റം നടന്നിട്ടില്ലെന്നും കണ്ടെത്തി.
പരിശോധനാ റിപ്പോര്‍ട്ട് കലക്ടര്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറിയിട്ടുണ്ട്. ഇതോടെ ദിലീപ് ഇവിടെ കൈയേറ്റം നടത്തിയെന്ന ആരോപണം പൊളിയുകയും ചെയ്തു.

2007ലാണ് കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍പ്പെട്ട 190ാം സര്‍വ്വേ നമ്പറിലെ കായല്‍ പുറമ്പോക്കിനോട് ചേര്‍ന്നുള്ള ഭൂമി ദിലീപ് വാങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരം ഇതു മറിച്ചു വില്‍ക്കുകയും ചെയ്തു.

അന്ന് ഭൂമി ഇടപാട് നടത്താന്‍ ഇടനിലക്കാരനായി നിന്ന ജോസ് എന്നയാളാണ് കൈയേറ്റത്തെക്കുറിച്ച് ആദ്യം ആരോപണമുന്നയിച്ചത്. തുടര്‍ന്ന് ജില്ലാ കലക്ടറോട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ റവന്യു മന്ത്രി ഉത്തരവിടുകയായിരുന്നു.

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലാണെന്ന പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച റവന്യു ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. സ്ഥലം അളക്കുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റ ഭൂമിയിലെ മതില്‍ പൊളിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

Top