ദുബായിൽ ഭാഗ്യം കൊയ്ത് മലയാളി; ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ അടിച്ചത് കോടികൾ

ഗള്‍ഫില്‍ മലയാളികള്‍ ഭാഗ്യം കൊയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ മലയാളിക്ക് നറുക്കെടുപ്പിലൂടെ 12 കോടി സമ്മാനമായി ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു മലയാളിയേയും ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിലാണ് കാപ്പിലങ്ങാട്ട് സ്വദേശി വേണുഗോപാലന് ഏകദേശം ആറര കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 3073 എന്ന ടിക്കറ്റ് നമ്പറിലാണ് ഭാഗ്യം തേടി വന്നിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന വേണുഗോപാലന്‍ തന്റെ മൂന്നാമത്തെ ഭാഗ്യപരീക്ഷണത്തിലാണ് കോടീശ്വരനായിരിക്കുന്നത്.ആയിരം ദിര്‍ഹത്തിന്റെ ടിക്കറ്റാണ് ഇദ്ദേഹം എടുത്തിരുന്നത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ടിക്കറ്റ് എടുത്തത്. സമ്മാനത്തുക കൊണ്ട് നാട്ടില്‍ ബിസിനസ് തുടങ്ങണമെന്നും പാവപ്പെട്ട രോഗികളെ സഹായിക്കണം എന്നുമാണ് വേണുഗോപാലന്റെ ആഗ്രഹം. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇതിന് മുൻപും മലയാളികളെ പലതവണ ഭാഗ്യം തേടിയെത്തിയിട്ടുണ്ട്.

Latest
Widgets Magazine