പിണറായിയിലെ ദുരൂഹ മരണം; എട്ട് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു

കണ്ണൂര്‍: പിണറായിയിലെ ദുരൂഹ മരണത്തില്‍ എട്ട് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. പടന്നക്കരയിലെ സൗമ്യയുടെ മകള്‍ എശ്വര്യ കിഷോറിന്റെ മൃതദേഹമാണ് പുറത്തെടുത്തത്. 2018 മാര്‍ച്ച് 31ന് ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഐശ്വര്യ മരിക്കുന്നത്. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. നാല് മാസത്തിനിടെ ഒരു കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങളാണ്. മാര്‍ച്ച് ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. നാല് മരണങ്ങള്‍ സംഭവിച്ചതും സമാനമായ രീതിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്നാണ്. മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ആന്തരിക അവയവ പരിശോധനാ ഫലവും സംബന്ധിച്ച വിവരങ്ങള്‍ ഏറെക്കുറെ പോലീസിന് ലഭിച്ചിട്ടുണ്ട്. പത്തോളം പരിശോധനകളാണ് നടത്തിയത്. വിഷാംശം മരിച്ചവരുടെ ശരീരത്തില്‍ ഉണ്ടെന്ന നിഗമനമാണ് പരിശോധനാഫലങ്ങള്‍ നല്‍കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷ്യപദാര്‍ഥങ്ങളില്‍ നിന്നോ ഏതെങ്കിലും മരുന്നുകളില്‍നിന്നോ വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ. കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ചിലരില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Top