കണ്ണന്താനത്തിനെതിരെ കളക്ടര്‍ ബ്രോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഇരുവരും അടിച്ചു പിരിഞ്ഞു?

ജനകീയനെന്ന ഇമേജാണ് കോഴിക്കോട് മുന്‍ കളക്ടര്‍ ആയിരുന്ന പ്രശാന്ത് നായരെ പ്രീയപ്പെട്ട കളക്ടര്‍ ബ്രോ ആക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഒരു ജനകീയ വിപ്ലവം തന്നെ കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ പ്രശാന്ത് നടത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന് അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നു. ഇക്കാര്യത്തില്‍ പൊതുഭരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും, അന്വേഷണ റിപ്പോര്‍ട്ടില്‍ കലക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പ്രശാന്ത് നായരെ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചു. എന്നാല്‍ കണ്ണന്താനവും പ്രശാന്തും തമ്മില്‍ തെറ്റിപ്പിരിഞ്ഞെന്ന റിപ്പോര്‍ട്ടകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്്. കളക്ടര്‍ ബ്രോ ഇട്ട ഒരു പോസ്റ്റാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ബാങ്ക് മാനേജര്‍ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോള്‍ സെക്യൂരിറ്റികാരന്‍ എന്ത് ചെയ്യും എന്നാണ് പ്രശാന്തിന്റെ പോസ്റ്റ്. പ്രശാന്തിന്റെ പോസ്റ്റ് കണ്ണന്താനത്തെ ഉദ്ദേശിച്ചുള്ളതാണെന്നാണ് സൂചന. പ്രശാന്തിന്റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി കേരളത്തിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം തന്നെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റ് ഇങ്ങനെ- ഒരു ഡിറ്റക്റ്റീവ് കഥ എഴുതുകുയായിരുന്നു. ഒരു ബാങ്ക് മാനേജര്‍ ബാങ്കിലെ ലോക്കര്‍ കുത്തിപ്പൊട്ടിക്കുന്നത് അവിടത്തെ സെക്യൂരിറ്റിക്കാരന്‍ കണാന്‍ ഇടവന്നു. കഥയില്‍ ഇനിയെന്ത് സംഭവിക്കും:
1) ബാങ്ക് മാനേജര്‍ ചമ്മല്‍ മാറ്റാന്‍ ഷോഡ കുടിക്കും.
2) സെക്യൂരിറ്റിക്കാരനെ പിരിച്ച് വിടും.
3)ബാങ്ക് മനേജര്‍ തെറ്റ് തിരുത്തും. നന്നാവും.
4)മാനേജറും സെക്യൂരിറ്റിയും പങ്കാളികളാവും.
5)സെക്യൂരിറ്റിക്കാരന്‍ സ്വയം പിരിഞ്ഞ് പോകും.
ഇതിലേതാ ഹീറോയിസം? എന്നാണ് പോസ്റ്റ്.
അടുത്ത ദിവസങ്ങളില്‍ തന്നെ ഈ പോസ്റ്റിനുള്ള കാരണം പുറത്തു വരുമെന്ന് കരുതുന്നു.

കോഴിക്കോട് കളക്ടര്‍ ആയിരിക്കുമ്പോള്‍് പ്രശാന്ത് നായരുടെ പ്രവര്‍ത്തനങ്ങള്‍ നേടിയ സ്വീകാര്യത ശ്രദ്ധയില്‍പെട്ടാണ് കണ്ണന്താനം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രശാന്തിനെ നിര്‍ദ്ദേശിച്ചത്. സംസ്ഥാന ബിജെപി നേതാക്കള്‍ കണ്ണന്താനത്തിന്റെ തിരുമാനത്തെ എതിര്‍ത്തിരുന്നെങ്കിലും കേന്ദ്രം പ്രശാന്ത് നായറെ തന്നെ നിയമിക്കുകയായിരുന്നു.

Latest
Widgets Magazine