ഗൌരി ലങ്കേഷ് വധം: ആന്ധ്ര സ്വദേശി പോലീസ് കസ്റ്റഡിയില്

ബംഗളൂരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള ആന്ധ്ര സ്വദേശിയാണ് പിടിയിലായത്. ആന്ധ്രയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ അന്വേഷണസംഘം ചോദ്യംചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.

ഗൌരി ലങ്കേഷ് സ്ഥിരമായി സഞ്ചരിക്കാറുള്ളിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടത്. കൊല നടന്ന ദിവസം ഗാന്ധി ബസാറില്‍നിന്ന് രാജരാജേശ്വരി നഗറിലെ ഗൌരിയുടെ വീടുവരെ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഗൌരി ലങ്കേഷ് കൊല്ലപ്പെടുന്ന സമയത്ത്, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്ന് ഇയാളുടെ നമ്പറിന്റെ സാന്നിധ്യം  തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഗൌരിയുടെ വധവുമായോ അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന ദിവസം ഗൌരിയുടെ വീടിനുസമീപം പരിചയമില്ലാത്ത ചിലരെ കണ്ടതായി പരിസരവാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു.

Latest
Widgets Magazine