ഭർത്താവിന് രാമനാകാൻ കഴിയുന്നില്ല എങ്കിലും ഭാര്യ സീത ആകണം ;കണ്ണനോളം പ്രണയം വാരിച്ചൊരിയാൻ കാമുകൻ പിശുക്കൻ എങ്കിലും കാമുകി രാധ ആയാൽ മാത്രമേ ആ ബന്ധവും മനോഹരമാകൂ . കലാ ഷിബു എഴുതുന്നു

കൊച്ചി:ഭർത്താവിന് രാമനാകാൻ കഴിയുന്നില്ല എങ്കിലും ഭാര്യ സീത ആകണം എന്നാണ് നാട്ടു ചിന്ത..കണ്ണനോളം പ്രണയം വാരിച്ചൊരിയാൻ കാമുകൻ പിശുക്കൻ എങ്കിലും കാമുകി രാധ ആയാൽ മാത്രമേ ആ ബന്ധവും മനോഹരമാകൂ എന്നു ഒരു അലിഖിത നിയമം പ്രേമത്തിലും ചാലിച്ചിട്ടില്ലേ..?
പെണ്ണിന്റെ പിരികത്തിൽ ആണ് അവളുടെ ശൗര്യം എന്ന് കേട്ട് വളരുന്നവൾക്കു മിക്കവാറും ഈ സങ്കല്പങ്ങൾ അസാധ്യമാണ്..
അതി വീര്യമുള്ള പെണ്ണിന് രാധയും സീതയും ആകാൻ കഴിയുമെന്ന് തോന്നാറുള്ളത് പലപ്പോഴും പുറകിലെ വീട്ടിലെ ലതിക ചേച്ചിയെ കാണുമ്പോൾ ആണ്..

ആജാനബാഹു ആയ ഒരു സ്ത്രീ..
അവരെ ഈ പ്രദേശത്തെ എല്ലാവര്ക്കും ഒരുതരത്തിൽ ഭയമാണ്..
ചട്ടമ്പികൾക്കു ഉളപ്പടെ..
അവളൊരു” റൗഡി” എന്ന് കേട്ടിരിക്കുന്നതും ഇവരെ ആണ്..

എന്റെ വീടിന്റെ പുറകിൽ , ഒരു സർപ്പക്കാവ്..
അതിന്റെ പിറകിൽ ഉള്ള വീട്ടിലെ ഭാര്യയാണ് ലതിക..
ഭാര്തതാവ് രവി..

”രവി പിള്ള യുടെചവിട്ടിനു എന്നേ ഞാൻ പരലോകം കാണേണ്ടതാണ് …
ഒന്നും അറിയാൻ പറ്റില്ല..എപ്പോഴാണ് അയാൾക്ക്‌ ബാധ ഇളകുന്നു എന്ന്..
കേറി വരുമ്പോൾ ഞാൻ കിടക്കുന്നതാണ് കാണുന്നത് എങ്കിൽ കട്ടിലോടെ മറിച്ചിടും..
ടീവി കണ്ടാൽ അത് അടിച്ചു പൊട്ടിക്കാനും മതി..
അത് കൊണ്ട് വരുന്നത് കാണുമ്പോ ഞാൻ അതങ്ങു ഓഫ് ചെയ്യും.
പുള്ളി കാണുമ്പോഴേ ഞാനും കാണാവൂ..
ഇനി ഒരു കുടുംബം കഴിയാനുള്ള സാധനങ്ങൾ ഞങ്ങളുടെ കിണറ്റിൽ അങ്ങേരു ദേഷ്യം വരുമ്പോൾ എടുത്തിട്ടിട്ടുണ്ട്..”’
ഇത് ചേച്ചി പറയുന്ന കഥകൾ..!

ഇതിലും ഭീകരമായ കാര്യങ്ങൾ ഞങ്ങൾക്ക് കാണാം ,,കേൾക്കാം..
രണ്ടും കൂടി തല്ലു കൂടുമ്പോൾ ആരും ചെല്ലില്ല..
അവസാനം ചെല്ലുന്നവനെ അവർ രണ്ടു പേരും കൂടി ശെരിയാക്കും..
അതാ പതിവ്..
അവരുടെ വഴക്കിന്റെ , അടിയുടെ ശബ്ദം കേട്ട് ഭയന്നിരിക്കുന്ന എന്നോട് ആദ്യമൊക്കെ ചുറ്റുമുള്ളവർ പറയുമായിരുന്നു…
അടിച്ചു പതം വരുത്തി അവസാനം ശ്വാസം കിട്ടാതെ വരുമ്പോളും ലതിക ചേച്ചി , നാട്ടിൽ കേട്ടിട്ടില്ലാത്ത
തറുതലയും അറിയാവുന്ന എല്ലാ തെറിയും പ്രയോഗിച്ചു കൊണ്ടിരിക്കും..
അവസാനം രവി അണ്ണൻ തളർന്നു, അടുത്ത വീര്യം ഒപ്പിക്കാനുള്ള കുപ്പി ഒപ്പിക്കാൻ ഇറങ്ങും..!

നീണ്ടു മെലിഞ്ഞ ആ രൂപത്തിനുള്ളിൽ എങ്ങനെ ജീവൻ നിലനിൽക്കുന്നു എന്ന് തോന്നും..
അത്ര മാത്രം കുടിച്ചു കഴിഞ്ഞില്ലേ..
കുടിക്കാത്ത നേരത്ത് ഞങ്ങൾക്ക് ഉൾപ്പടെ ഒരു സഹായി..
സാധനങ്ങൾ വാങ്ങാനും അല്ലറ ചില്ലറ പണികൾക്കും ഒക്കെ ഗുണം..
പക്ഷെ കുടിക്കാത്ത നേരം എപ്പോഴാണ് എന്നതാണ് വിഷയം.

”ഈ ഒരു സ്വഭാവം ഇല്ലേൽ നമ്മുക്ക് എത്ര നന്നായേനെ..!
ഷിബു ഇടയ്ക്കിടെ പറയും..
എന്തായാലും വര്ഷങ്ങള്ക്കു മുൻപ് അതിനു വേണ്ടി രവി അണ്ണനെ ചികിൽസിക്കാൻ ഞങ്ങള് തീരുമാനിച്ചു..
ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ..
ഇനി ശെരിയായി കൊള്ളും എന്നൊരു വിശ്വാസത്തിൽ തിരിച്ചും എത്തി..
ഷിബു ന്റെ സ്ഥാപനത്തിലെയും ഞങ്ങളുടെ വീട്ടിലെയും സഹായി ആയി വരാനും തുടങ്ങി..
”പണ്ടത്തെ ആ ചുണ ഒക്കെ പോയി രവിപുള്ളേടെ …
ആ ഇരുപ്പു കണ്ടില്ലേ.. ശൗര്യം ഒക്കെ പോയി..”
ലതിക ചേച്ചിക്ക് സഹിക്കുന്നില്ല..
ഞങ്ങൾ അറിയാതെ ഭാര്തതാവിനു രണ്ടു വീശാനുള്ള കാശു കൊടുത്തു അന്ന് വൈകുന്നേരം മുതൽ നാളിതു വരെ നിന്നിരുന്ന അടിയും തൊഴിയും വീണ്ടെടുത്ത ലതിക ചേച്ചിയോട് അന്ന് തോന്നിയ ദേഷ്യം..!

അവൻ അടിച്ചു പൊട്ടിക്കാതെ ഒരെല്ലും ബാക്കി ഇല്ല..
തയ്യൽക്കരി ബേബി അമ്മയും തേങ്ങാകാരി വല്യമ്മയും എന്നെ കണ്ടപ്പോൾ വിശദീകരിച്ചു..
കൊച്ചിന്റെ ഭാര്തതാവ് കൊണ്ടോയി ചികിൽസിപ്പിച്ചത് വെറുതെ ആയി അല്ലെ..?KALA SHIBU -new

ബോധം ഇല്ലാത്ത സമയം ആളുടെ പ്രതികരണം എങ്ങനെ എന്ന് ഭയന്ന് തുടങ്ങി ഞങ്ങൾ..
അല്ലാത്തപ്പോൾ രവി അണ്ണാ എന്നൊരു വിളിയിൽ എന്താ സാറെ എന്നൊരു മറുപടിയുമായി ഓടി എത്തും..
പക്ഷെ ആ നല്ല മട്ടില് നിലനിൽപ്പില്ല…
ചിലപ്പോൾ കാവിൽ പോയി ഉച്ചത്തിൽ പാട്ടു പാടും..
ശിവൻ ആണെന്ന് സ്വയം അവകാശപ്പെടും..
ഘന ഗംഭീരമായ ശബ്ദം ആണ്…
രവി അണ്ണൻ നന്നായി പാടും അല്ലെ ചേച്ചി..?
കൊള്ളാം …!
രവി പിള്ള സുന്ദരനായിരുന്നു .
ഇതൊന്നും അല്ല…!
മുഖത്തെ ആരാധന…
ചേച്ചിയും സുന്ദരി അല്ലെ..?
സ്ത്രീ സഹജമായ സന്തോഷം അവരിൽ അത് കേൾക്കുമ്പോൾ ഒരിക്കലും കണ്ടിട്ടില്ല..
കേൾക്കാത്ത പോലെ വീണ്ടും ..
രവി പിള്ള സുന്ദരനായിരുന്നു പണ്ട്..
കുടിച്ചു ,ഇങ്ങനെ ആയി…!

അടിക്കും തൊഴിക്കും ഇടിക്കും…
കണ്ണ് പൊട്ടുന്ന തെറി വിളിക്കും..
ഒട്ടും കുറയ്ക്കാതെ പലിശ ചേർത്ത് ലതിക ചേച്ചി തിരിച്ചും കൊടുക്കും…
ആ അലർച്ചയും ബഹളങ്ങളും കേട്ടാണ് മിക്ക ദിവസങ്ങൾ ഉണരുന്നതും ഉറങ്ങുന്നതും..
അതിപ്പോൾ ഈ പ്രദേശത്തെ അംശമാണ്..
ഇന്നലെ പക്ഷെ അങ്ങനെ ഒന്നും കേട്ടില്ല..
ഒറ്റ മുറിയുള്ള വീട്ടിൽ , TV കണ്ടിരുന്ന ലതി യുടെ ദേഹത്ത്ചാരി ഇരുന്ന രവിപിള്ള പിന്നെ കണ്ണ് തുറന്നില്ല..

” എന്തൊരു നല്ല മനുഷ്യനായിരുന്നു, കുടിച്ചില്ല എങ്കിൽ…!
ഓരോരുത്തരും വന്നു പോകുമ്പോൾ പറയുന്നു…
ആ ഒറ്റ മുറിയിൽ സ്ഥലമില്ല..
അടുക്കളയും കിടപ്പും ഒക്കെ അതിലാണ്…
അടുത്ത ബന്ധുവിന്റെ വീട്ടിൽ ആണ് ദേഹം കിടത്തിയിരിക്കുന്നത്..
അലറി വിളിച്ചു കരഞ്ഞു
പരിഭവം പറഞ്ഞു., ഇനി എന്നെ അടിക്കാന് ആരുണ്ട്..തൊഴിക്കാൻ ആരുണ്ട്…
അങ്ങനെ ഒരു നൂറുകൂട്ടം…
ഒരു ഭ്രാന്തിയെ പോലെ ലതിക ചേച്ചി !

നോക്കി ഇരിക്കവേ ഞാൻ ഓർത്ത്‌ ജീവിതത്തിൽ കണ്ട ഒരു അതിശയമായിരുന്നു, അവർ…
”എന്റെ പെണ്ണ്..,
ഇങ്ങനെ ആണ് രവിപിള്ള അവരെ പറ്റി മറ്റുള്ളവരോട് പറയുക..
അത് കേൾക്കാൻ നല്ല രസമാണ്..
തലേന്ന് തല്ലിചതച്ച ഓർമ്മ പോലുമില്ലാതെ , എന്റെ പെണ്ണിന് വയ്യ സാറെ എന്ന് പറയും..
ഭാര്തതാവിന്റെ പിറന്നാളിൽ മുട്ടായിയും പായസവും ഉണ്ടാക്കി.,
BIRTHDAY ചെക്കന്റെ ഉടുപ്പും കൊടുത്തു അവർ അയാളെ പ്രണയിക്കും..
പരസ്പരം ചോറ് വാരി കൊടുക്കും..
കടം ആണെന്ന് ഇടയ്ക്കിടെ പറഞ്ഞാലും രണ്ടു പേര് ഒന്നിച്ചു ഒരു യാത്ര ഇടയ്ക്കു പോകും..
തലയെടുപ്പും അഹങ്കാരവും മുഴങ്ങി നിൽക്കുന്ന സ്ത്രീ …!
എന്തിനാണ് അസഹ്യമായ പീഡനങ്ങൾ ഏറ്റ് വാങ്ങാനായി ഇയാളുടെ കൂടെ ജീവിക്കുന്നതെന്ന് ആണും പെണ്ണും ചോദിച്ചു കൊണ്ടേ ഇരുന്നു..
മക്കൾ ഇല്ല..
സർക്കാരിന്റെ നാലക്ക ശമ്പളം പറ്റുന്ന ആയപണി ഉണ്ട്..
ഭാര്തതാവ് ഉപേക്ഷിച്ചാൽ കുടുംബത്തിന്റെ മാനം പോയി എന്നാരും പരിതപിക്കാനില്ല..

ജീവിതം ഇങ്ങനെ തുടരുന്നതിൽ എന്ത് അർഥം എന്ന് അവർ രണ്ടു പേരും ചിന്തിച്ചിരുന്നില്ല..
നീ ആദ്യം മരിക്കും എന്ന് രവിപിള്ള പറഞ്ഞത് കേട്ട് സങ്കടപ്പെട്ടു എന്നോട് വന്നു പറഞ്ഞ ലതിക ചേച്ചിയിൽ കണ്ട ജീവിതത്തോടുള്ള മോഹം എന്നെ അസൂയപെടുത്തിയിട്ടുണ്ട്..
എന്തെങ്കിലും ഉദ്ദേശത്തിനായി അവർ ജീവിതം ജീവിച്ചിട്ടില്ല..
ഓരോ ദിവസവും സ്നേഹിച്ചു , അടിയിട്ടു , പരസ്പരം മാരകമായി മുറിപ്പെടുത്തി വീണ്ടും പ്രണയിച്ചു..
യുക്തിയുടെ പ്രമാണങ്ങൾ അവർക്കു രണ്ടിലും കണ്ടിട്ടില്ല..
ശ്വാസം മുട്ടലും പരാതിയും ഇല്ലാതെ ഒരു പ്രതിബദ്ധത …
വരച്ചു വെച്ച പാതയിലൂടെ നടന്നുകൊണ്ടിരിക്കുന്ന ജീവിതങ്ങൾക്ക് ഇല്ലാത്ത ആഴവും
അർത്ഥവും!

”’ രവി അണ്ണാ , മോൾ ഒറ്റയ്ക്ക് ഉള്ളു..ഒന്ന് നോക്കണേ…
എന്ന് പറഞ്ഞാൽ ,
സാര് ധൈര്യമായി പൊയ്ക്കോ..
ഞാനും എന്റെ പെണ്ണും ഇവിടെ ഉണ്ട്..
എന്ന് പറയുന്ന ആളിൽ നിന്നും ,
ചുവന്ന കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കി,
പല്ലു കടിക്കുന്ന ഒരാളിലേക്കുള്ള ദൂരം നിസ്സാരമായിരുന്നു പലപ്പോഴും..!
പക്ഷെ.
ഞാനും എന്റെ രവിപിള്ളയും,
ഞങ്ങള് തമ്മിൽ പലതും നടക്കും ,
നീയൊക്കെ ആരാ എന്നൊരു ഗർജ്ജനത്തോടെ , സാരി ഞൊറിഞ്ഞു കുത്തി നടക്കുന്ന ലതിക ചേച്ചിക്കു ഒറ്റ ഭാവമായിരുന്നു..
അവർ പരസ്പരം അടിമകൾ അല്ലായിരുന്നു..
ഒരാൾ ഒരാളുടെ ഉടമ ആയിരുന്നു …!

പെണ്ണിന്റെ ഭീതി !..ബസ് യാത്രയിൽ വൃത്തികെട്ട കൈകൾ നെഞ്ചിൽ അമർത്തി..കല ഷിബു എഴുതിയ കുറിപ്പ് വൈറലാകുന്നു കുലീനത്വമുള്ള കാമം എന്താണെന്ന് മക്കളെ പഠിപ്പിക്കണം: കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു നന്നായി ജീവിക്കുന്ന കുടുംബത്തിലെ പുരുഷന്മാരെ തന്നോട് അടുപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന സ്ത്രീ; വിചിത്രമായ അനുഭവങ്ങളെക്കുറിച്ച് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു അമ്മയുടെ അടുത്ത് സ്ഥിരം വരുന്ന അങ്കിൾ വരുന്നത് അച്ഛനില്ലാത്ത കുട്ടിയുടെ ജീവിതത്തെ താളം തെറ്റിച്ചു. ചെറിയ ജീവിതത്തിലെ വലിയ പ്രശ്നങ്ങളെക്കുറിച്ച് കൌണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്
Latest
Widgets Magazine