ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറാൻ.. രണ്ടും കൽപ്പിച്ച് പോരടിച്ച് ഇസ്രയേലും ഇറാനും;ഒരുങ്ങുന്നത് മൂന്നാം ലോകമഹായുദ്ധം

അമാൻ: മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അതിന്റെ തുടക്കം ഗൾഫിൽ നിന്നായിരിക്കും എന്ന പ്രവചനം ഉണ്ടായിരുന്നു .അതിനുള്ള സൂചനകൾ കണ്ടുതുടങ്ങി .25 വർഷത്തിനുള്ളിൽ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറാൻ സൈന്യത്തിന്റെ പ്രസ്താവനയും അതിനുള്ള നെതന്യാഹുവിന്റെ മറുപടിക്കും പിന്നാലെ ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ച് ഇറാൻ വീണ്ടും രംഗത്തെത്തി. സിറിയ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞെങ്കിലും നേതാക്കൻമാരുടെ ഭാഗത്തുനിന്നുള്ള പ്രസ്താവന കൈവിട്ടുള്ള കളിയാണ്. നാളുകളായി നിലനിൽക്കുന്ന സംഘർഷാന്തരീക്ഷം മൂന്നാം ലോക മഹായുദ്ധത്തിലേക്കു വഴുതപ്പെടുമോ അതോ പ്രസ്താവനായുദ്ധമായി മാത്രം ഒതുങ്ങുമോ എന്നതാണു കാണേണ്ടത്.

ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ചത് ഇറാൻ സൈനിക മേധാവിയാണ്. കടലിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഇസ്രയേലിനു പോകാൻ കഴിയാത്ത തരത്തിൽ അവരെ ഓടിച്ചുവിടുമെന്നാണു സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് ജനറൽ അബ്ദുൽറഹിം മൗസാവി ഭീഷണി പ്രസംഗം നടത്തിയത്. അടുത്തിടെ ഇറാനുനേർക്ക് ഇസ്രയേൽ നടത്തിയിട്ടുള്ള എല്ലാ ഭീഷണികളോടും പ്രതികരിക്കുകയായിരുന്നു മൗസാവി. ശനിയാഴ്ച ടെഹ്റാനിൽ നടന്ന ‘ഷിയ പുണ്യ നഗരങ്ങളുടെ പ്രതിരോധക്കാർ’ (ഡിഫെൻഡേഴ്സ് ഓഫ് ദി ഷിയ ഹോളി പ്ലേസസ്) ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിയ ഇമാം ഹുസൈന്റെയും ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോറിന്റെയും ജന്മദിനം ആചരിക്കുന്ന ചടങ്ങായിരുന്നു അത്.

‘തന്റെ രാജ്യത്തിനുനേർക്കുണ്ടാകുന്ന എല്ലാ യുദ്ധമുറകൾക്കുനേരെയും പ്രതിരോധമുണ്ടാകും. ട്രിഗറിൽതന്നെയാണു വിരലുകൾ. മിസൈലുകൾ തയാറാണ്. ഏതുനിമിഷം വേണമെങ്കിലും ഞങ്ങളുടെ നാടിനെതിരെ യുദ്ധം നടത്തുന്ന ശത്രുക്കളുടെ നേരെ അവ വിക്ഷേപിക്കും’ – മൗസാവിയെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.നേരത്തേ, ഇറാനിയൻ ബ്രിഗേഡിയർ ജനറൽ ഹുസൈൻ സലാമിയും സമാനമായ ഭീഷണി മുഴക്കിയിരുന്നു. ‘യുഎസിൽനിന്ന് എത്ര സഹായം ലഭിച്ചാലും അടുത്ത 25 വർഷത്തിനുള്ളിൽ ഇസ്രയേല്‍ ‘മാഞ്ഞുപോകും’. ഒരു യുദ്ധമുണ്ടായാൽ അതിനുപിന്നാലെ ഇസ്രയേലിന്റെ ഉൻമൂലനമാണു സംഭവിക്കുക’ – സലാമി വ്യക്തമാക്കിയിരുന്നു.

സലാമിയുടെ പ്രസ്താവനയ്ക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ രംഗത്തെത്തി. ഇറാനിൽനിന്നുള്ള ഭീഷണികൾ കേട്ടെന്നും തങ്ങളുടെ പോരാളികളും സുരക്ഷാ വിഭാഗങ്ങളും ഏതു പ്രശ്നവും നേരിടാൻ തയാറാണെന്നും നെതന്യാഹു തിരിച്ചടിച്ചു. ‍ഞങ്ങളെ തകർക്കാൻ നോക്കുന്ന ആർക്കെതിരെയും പോരാടാൻ തയാറാണെന്നും നെതന്യാഹു വ്യക്തമാക്കി.

സിറിയയെ മുൻനിർത്തി ഇറാനെതിരെ ഇസ്രയേൽ

2013 മുതൽ സിറിയയിൽ 100ൽ അധികം വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തിയിരുന്നു. ഇറാന്റെ സാമ്പത്തിക പിന്തുണയിൽ പ്രവർത്തിക്കുന്ന ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുല്ലയ്ക്കും സൈനിക വാഹനവ്യൂഹത്തിനുനേർക്കുമായിരുന്നു ആക്രമണമെല്ലാം. എന്നാൽ ഈ വർഷം ആദ്യംമുതൽ ഇറാനെ നേരിട്ട് ആക്രമിക്കാനുള്ള അവസരങ്ങൾ ഇസ്രയേൽ വിട്ടുകളഞ്ഞില്ല, അതു പരസ്യമായി സമ്മതിച്ചില്ലെങ്കില്‍ക്കൂടിയും. ഈ മാസമാദ്യം സിറിയൻ നഗരമായ ഹോംസിൽ ഇറാന്റെ ഏഴു സൈനിക ഉപദേഷ്ടാക്കന്മാരെ ഇസ്രയേലിന്റെ മിസൈൽ ആക്രമണം വധിച്ചിരുന്നു. ഇക്കാര്യം ഓദ്യോഗികമായി സമ്മതിച്ചില്ലെങ്കിലും രാജ്യാന്തര മാധ്യമങ്ങൾ അടക്കം ഇസ്രയേലാണ് ഇതിനു പിന്നിലുള്ളതെന്നു റിപ്പോർട്ട് ചെയ്തിരുന്നു. സിറിയയിൽ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾ നടത്തുന്ന ജെറ്റുകൾക്കുനേരെ ഇറാൻ ഡ്രോണുകളെ വിന്യസിച്ചതിനെ പ്രതിരോധിച്ചായിരുന്നു ഇസ്രയേലിന്റെ നടപടി.

Latest
Widgets Magazine