ഖഷോഗിയെ വധിച്ചത് ക്രൂരമായി; തലയറുത്തു, വിരലുകള്‍ വെട്ടിമാറ്റി, ശരീരം കഷ്ണങ്ങളാക്കി; സൗദി അറേബ്യ സമ്മര്‍ദ്ദത്തില്‍

സൗദി: സൗദി കോണ്‍സുലേറ്റിലെത്തിയ ശേഷം കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. മരണം നേരത്തെ സൗദി അറേബ്യ സ്ഥിരീകരിച്ചു. ഈ മാസം 2ന് വിവാഹത്തിനാവശ്യമായ ഔദ്യോഗിക രേഖ കൈപ്പറ്റാന്‍ ഇസ്തംബുളിലെ കോണ്‍സുലേറ്റിലെത്തിയശേഷമാണു ഖഷോഗിയെ കാണാതായത്. സൗദി അവിടെ വച്ച് ഉദ്യോഗസ്ഥരുമായുണ്ടായ മല്‍പിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ഇപ്പോഴത്തെ വിശദീകരണം. കൊലപാതകം സൂചിപ്പിക്കുന്ന തെളിവുകളുമായി തുര്‍ക്കി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു.

ഖഷോഗിയുടെ കാര്യത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമായിരുന്നു. വിശദീകരണം ആവശ്യപ്പെട്ടു യുഎസും രംഗത്തെത്തിയതോടെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരിട്ട് ഇടപെട്ടു. കൊട്ടാര കാര്യ ഉപദേഷ്ടാവ് സൗദ് അല്‍ ഖഹ്താനി, ഇന്റലിജന്‍സ് ഉപ മേധാവി അഹമ്മദ് അസീരി എന്നിവരടക്കം 5 പേരെ പുറത്താക്കി. മുഹമ്മദ് ബിന്‍ സല്‍മാന്റെ അറിവോടെയല്ല കൊലപാതകമെന്നു വിശദീകരിച്ചിട്ടുമുണ്ട്. കേസില്‍ 18 പേരെ അറസ്റ്റ് ചെയ്തതായും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗം പുനഃസംഘടിപ്പിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായുള്ള മന്ത്രിതല സമിതിയെ രാജാവ് ചുമതലപ്പെടുത്തി. യുഎഇയും ബഹ്‌റൈനും തീരുമാനങ്ങള്‍ക്കു പിന്തുണ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടയില്‍ ഖഷോഗിയെ സൗദി സ്‌ക്വാഡ് വധിച്ചതാണ് എന്ന ആരോപണത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് തുര്‍ക്കി ഓഡിയോ ടേപ്പ് അടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്താംബുളിലെ കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിന് മിനുട്ടുകള്‍ക്കുള്ളില്‍ ഖഷോഗി വധിക്കപ്പെട്ടതായി തുര്‍ക്കി പറയുന്നു.

ഖഷോഗിയുടെ തലയറുത്തു. ശരീരം വെട്ടി മുറിച്ചുവിരലുകള്‍ വെട്ടി മാറ്റി – ഒരു മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഖഷോഗി കോണ്‍സുലേറ്റിലെത്തുന്നത് കാത്തുനില്‍ക്കുകയായിരുന്നു സൗദി ഉദ്യോഗസ്ഥര്‍. ഖഷോഗിയെ വധിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഹിറ്റിംഗ് സ്‌ക്വാഡ് സ്ഥലം വിട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തുര്‍ക്കിയിലെത്തുന്ന സാഹചര്യത്തിലാണ് ആരോപണവിധേയരായ സൗദിയേയും സൗദിയോട് മൃദു സമീപനം സ്വീകരിക്കുന്ന യുഎസിനേയും സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് തുര്‍ക്കിയുടെ വെളിപ്പെടുത്തലുകള്‍. സംയുക്ത അന്വേഷണം നടത്താന്‍ അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് തുര്‍ക്കി ഗവണ്‍മെന്റ് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ക്ക് വീണ്ടും വിവരം ചോര്‍ത്തിനല്‍കിയിരിക്കുന്നത്. സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരനുമായി അടുത്ത ബന്ധമുള്ളവരാണ് കൊല നടത്തിയതെന്ന് തുര്‍ക്കി ആരോപിക്കുന്നു.

തുര്‍ക്കിയുടെ പക്കല്‍ ഒരുപക്ഷേ തെളിവുകളുണ്ടാകാം എന്നും ഓഡിയോ, വീഡിയോ തെളിവുകള്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെനുമാണ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഖഷോഗിയുടെ തിരോധനത്തില്‍ സല്‍മാന്‍ രാജുകുമാരന് പങ്കുണ്ട് എന്ന് തന്നെയാണ് യുഎസ് ഇന്റലിജന്‍സും പറയുന്നത്. അതേസമയം യുഎസിന് സൗദിയെ കടന്നാക്രമിക്കുന്നതിന് പരിമിതികളുണ്ട്. അതേസമയം തുര്‍ക്കി പ്രസിഡന്റും ഖഷോഗിയുടെ സുഹൃത്തുമായ തയിപ് എര്‍ദോഗാന്‍, ഖഷോഗിയെ സൗദി തട്ടിക്കൊണ്ടുപോയെന്നോ പറഞ്ഞിട്ടില്ല.

Top