കനത്ത മഴ ഇന്നും നാളെയും തുടരും; കര്‍ശന ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും. ഒരാഴ്ചയോളം കേരളത്തിലുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെയുണ്ടായ കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു. സുരക്ഷ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു. രണ്ട് ദിവസമായി സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്നലെയാണ് വ്യാപകമായ കനത്ത മഴയുണ്ടായത്. ഡാമുകള്‍ നിറഞ്ഞു കവിഞ്ഞു. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് അഞ്ച് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ചിങ്ങവനത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞ് കോട്ടയം – തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 4 ഡാമുക്കളുടെ ഷട്ടറുകൾ തുറന്നു. ഇടുക്കി ഡാമിന്റെവൃഷ്ടിപ്രദേശത്ത് 43.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. കൊച്ചി നഗരം വെള്ളത്തിനടിയിലായി. നഗരത്തിലെ ഗതാഗതവും സ്തംഭിച്ചു. കേരളത്തിലും കര്‍ണാടകയിലും ലക്ഷദ്വീപിലും രൂപം കൊണ്ട ന്യൂനമര്‍ദമാണ് കനത്ത മഴക്ക് കാരണം. ദുരന്തനിവാരണ സേനക്കും പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അമ്പത്തിയഞ്ച് കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശുന്നതിനാല്‍ മലയോര മേഖലയിലുള്ളവരും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കാനും മലയോര മേഖലകളിലേക്കുള്ള വിനോദയാത്ര ഒഴിവാക്കാനും നിര്‍ദേശം. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

Top