14 കാരനെ അമ്മ ഷോള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ മകളുടെ മൊഴി പുറത്ത്  

കൊല്ലം : കൊട്ടിയത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിനെ അമ്മ ജയമോള്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മകളുടെ മൊഴി പുറത്ത്. ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയപ്പെട്ടിരുന്നതായി മകള്‍ പറയുന്നു. അമ്മ ചിലപ്പോഴൊക്കെ മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് തിരിച്ചുവരികയും ചെയ്യും. അതിനാലാണ് ചികിത്സിക്കാതിരുന്നത്. ജിത്തു അമ്മയോട് ഇടക്കിടെ വഴക്കിടുമായിരുന്നു. അച്ഛന്റെ വീട്ടില്‍ പോയി തിരികെ എത്തിയാല്‍ മിക്കവാറും തവണ വഴക്കുണ്ടായിട്ടുണ്ട്. ജിത്തു കളിയാക്കുമ്പോള്‍ അമ്മ അതിരൂക്ഷമായി പ്രതികരിക്കും. എന്നാല്‍ അത് പെട്ടെന്ന് മാറുകയും ചെയ്യുന്നതിനാല്‍ ചികിത്സയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അതേസമയം അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണം തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചെന്നും വിദ്യാര്‍ത്ഥിനിയായ മകള്‍ പറഞ്ഞു.മകന്‍ അടുക്കളയില്‍ സ്ലാബില്‍ ഇരിക്കുമ്പോള്‍ ഷോള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയമോളുടെ മൊഴി. തുടര്‍ന്ന് രണ്ടിടത്തു കൊണ്ടുപോയാണ് കത്തിച്ചത്. ആദ്യം വീടിന് പിന്നിലിട്ട് കത്തിച്ചു.പിന്നെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയും കത്തിച്ചു. കത്തിച്ച മൃതദേഹം രണ്ടുദിവസവും പോയി പരിശോധിച്ചെന്നും ജയമോള്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ സ്വഭാവം കൊണ്ട് വീട്ടില്‍ നിന്ന് സ്വത്തുക്കളൊന്നും കിട്ടില്ലെന്ന് മകന്‍ പറയുമ്പോഴൊക്കെ ജയമോള്‍ ദേഷ്യപ്പെടുമായിരുന്നുവെന്ന് ഭര്‍ത്താവ് ജോബ് ജി ജോണ്‍ മൊഴി നല്‍കിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ ചിന്തിച്ച് ജയമോള്‍ വലിയ വിഷയമാക്കും.മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കേണ്ടതിനെക്കുറിച്ചും മുന്നോട്ട് എങ്ങനെ ജീവിക്കും എന്നതുമെല്ലാം ആലോചിച്ച് വേവലാതിപ്പെടുമായിരുന്നു.  അതിനൊപ്പം കുട്ടി ഇടക്കിടെ കളിയാക്കുകയും ചെയ്യുന്നത് അവള്‍ക്ക് സഹിക്കാറില്ലായിരുന്നുവെന്നും ഭര്‍ത്താവ് ജോബ് ജി ജോണ്‍ പറയുന്നു. കുണ്ടറ എംജിഡിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിത്തു ജോബ്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് കുട്ടിയുടെ അച്ഛന്‍ ജോബ് വീട്ടിലെത്തുന്നത്. മകനെവിടെ എന്നന്വേഷിച്ചപ്പോള്‍ എട്ടുമണിയോടെ സ്‌കെയില്‍ വാങ്ങാന്‍ പോയിട്ട് തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു.  ഉടന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ജോബ് തിരച്ചില്‍ നടത്തി.കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ചൊവ്വാഴ്ച രാവിലെ 9.30 ന് ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ബുധനാഴ്ചയും വീട്ടിലെത്തി ഇവരെ ചോദ്യം ചെയ്തു. വീടിന് സമീപം തീ കത്തിച്ചതിന്റെ പാടും കണ്ടു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡിനെ വരുത്തി പരിശോധിച്ചതില്‍ നിന്ന് കാര്യമായ നിഗമനങ്ങളില്‍ എത്താനായില്ല. എന്നാല്‍ വീടിന് സമീപത്ത് ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതശരീരം. കൈകളും കാലുകളും കാല്‍പാദവും വേര്‍പെട്ട നിലയിലായിരുന്നു. ഒരു കാല്‍ മുട്ടിന് താഴെ വെട്ടി നുറുക്കിയിട്ടുണ്ട്. മുഖം പൂര്‍ണ്ണമായും കരിഞ്ഞിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ജയമോള്‍ കുറ്റം സമ്മതിച്ചു.

Top