കേരളത്തില്‍ കുട്ടികള്‍ക്കിടയിലെ കുഷ്ഠരോഗം വര്‍ധിക്കുന്നു.പകരുന്നത്‌ വായുവഴി!!!ജാഗ്രതൈ!..

തിരുവനന്തപുരം: കടുത്ത ആശങ്ക ഉയർത്തിക്കൊണ്ടുള്ള ആരോഗ്യ റിപ്പോർട്ട് !..കേരളത്തിൽ കുഷ്ഠരോഗം ആശങ്കാജനകമാണ് വർധിക്കുന്നു .കേരളത്തില്‍ കുട്ടികള്‍ക്കിടയിലെ കുഷ്ഠരോഗമാണ് വര്‍ധിക്കുന്നത് . രോഗം സ്ഥിരീകരിക്കുന്നവരില്‍ എട്ട് ശതമാനം കുട്ടികളാണ്. ഈ സാഹചര്യത്തില്‍ കുഷ്ഠരോഗം കണ്ടെത്താനുള്ള പ്രത്യേക പദ്ധതിക്ക് ആരോഗ്യവകുപ്പ് തുടക്കംകുറിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.കുഷ്ഠരോഗം ബാധിച്ച ധാരാളം പേര്‍ രോഗം തിരിച്ചറിയാതെയും ചികിത്സകിട്ടാതെയും ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. പലപ്പോഴും വൈകല്യം കണ്ടുതുടങ്ങുമ്പോള്‍മാത്രമാണ് ചികിത്സതേടി എത്തുന്നത്. എട്ടുജില്ലകളിലാണ് വൈകല്യമുള്ള രോഗികളെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീജില്ലകളില്‍ പ്രത്യേക ശ്രദ്ധനല്‍കിക്കൊണ്ടുള്ള നിര്‍മ്മാര്‍ജ്ജന പദ്ധതിക്കാണ് തുടക്കമാകുന്നത്.കുഷ്‌ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ടെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്‌ ജില്ലകളിലെ വൈകല്യത്തോടുകൂടിയ കുഷ്‌ഠരോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ബ്ലോക്കുകളിലെ രോഗബാധിതരുടെ താമസസ്‌ഥലത്തിനു ചുറ്റുമുള്ള 300 വീടുകള്‍ സന്ദര്‍ശിച്ച്‌ രോഗമില്ലെന്ന്‌ ഉറപ്പുവരുത്തുന്നതിനുള്ള ഫോക്കസ്‌ഡ്‌ ലെപ്രസി ക്യാമ്പയിനും ഇതേ കാലയളവില്‍ നടത്തും.രോഗം ബാധിച്ചിട്ടും ചികിത്സ തേടാത്തവരില്‍നിന്നു വായുവഴിയാണ്‌ കുഷ്‌ഠരോഗം പകരുന്നത്‌. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചശേഷം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയെടുക്കും. കുഷ്‌ഠരോഗത്തിനു ഫലപ്രദമായ ചികിത്സ കേരളത്തില്‍ ലഭ്യമാണെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലക്ഷണങ്ങള്‍

* നിറം മങ്ങിയതോ ചുവപ്പ് കലര്‍ന്നതോ ചെമ്പ് നിറമുള്ളതോ ആയ പാടുകള്‍.
* പാടുകളില്‍ രോമവളര്‍ച്ച കുറഞ്ഞിരിക്കും.
* ചുവപ്പ് കലര്‍ന്നതോ ചര്‍മ്മ നിറമാര്‍ന്നതോ ആയ തിണര്‍പ്പുകള്‍.
* തിണര്‍പ്പ് പരന്നതോ ഉയര്‍ന്നതോ അരികുകള്‍ തടിച്ചതോ ആയിരിക്കാം.
* സ്പര്‍ശനശേഷി നഷ്ടപ്പെടാത്തതും ഓറഞ്ച് തൊലിപോലെയുമുള്ള തിണര്‍പ്പുകള്‍.
* ചൊറിച്ചിലോ വേദനയോ ചൂടോ തണുപ്പോ തിണര്‍പ്പുകളില്‍ അനുഭവപ്പെടില്ല.
* സ്പര്‍ശനശേഷി നഷ്ടപ്പെടുകയോ കുറഞ്ഞിരിക്കുകയോ ചെയ്യും.
* ചെവി, മറ്റ് ശരീരഭാഗങ്ങളിലെ ചെറുമുഴകള്‍, കൈകാലുകളില്‍ തരിപ്പ്, മരവിപ്പ്.
* ഞരമ്പുകളില്‍ വേദന.
മൈകോ ബാക്ടീരിയം ലെപ്രേ ബാക്ടീരിയയാണ് രോഗികളില്‍ കുഷ്ഠരോഗം പടര്‍ത്തുന്നത്. ചര്‍മത്തില്‍ പാടുകള്‍ രൂപപ്പെടുകയും ഈ ഭാഗങ്ങളില്‍ സ്പര്‍ശന ശേഷി നഷ്ടപ്പെടുകയുമാണ് ആദ്യ ലക്ഷണം. രോഗം നാഡികളെയും ബാധിക്കും. രോഗാണുബാധയേറ്റ് ലക്ഷണങ്ങള്‍ പുറത്തുവരാന്‍ ആഴ്ചകള്‍ മുതല്‍ വര്‍ഷങ്ങളോളം സമയമെടുത്തേക്കാം. ഇതിനിടയില്‍ രോഗിയുമായി അടുത്തിടപെടുന്നവര്‍ക്ക് രോഗം പടരാന്‍ കൂടുതല്‍ സാധ്യതയുമുണ്ട്. പ്രാഥമിക ചര്‍മപരിശോധനയിലൂടെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

ചര്‍മത്തില്‍ രണ്ട് മുതല്‍ അഞ്ചുവരെ സ്പര്‍ശന ശേഷിയുള്ള പാടുകള്‍ കണ്ടെത്തിയാല്‍ ഇതിനെയാണ് പോസി ബാസിലറി എന്നു വിളിക്കുന്നത്. ആറ് മാസത്തെ ചികിത്സ കൊണ്ട് ഇതു മാറ്റിയെടുക്കാനാകും. റിഫോമ്പിസിന്‍, ഡാപ്‌സോണ്‍ ഗുളികകളാണ് രോഗികള്‍ക്ക് ആറ് മാസം തുടര്‍ച്ചയായി രോഗിക്ക് കഴിക്കാന്‍ നല്‍കുന്നത്. അഞ്ചിലധികം പാടുകള്‍ ചര്‍മത്തില്‍ കണ്ടെത്തുകയോ ബയോപ്‌സി ടെസ്റ്റിലൂടെ രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയോ ചെയ്യുന്ന കേസുകളെയാണ് മള്‍ട്ടി ബാസ്സിലറി എന്ന് വിളിക്കുന്നത്. ഒരുവര്‍ഷക്കാലമാണ് ഇതിന് ചികിത്സ നല്‍കുന്നത്. റിഫോമ്പിസിന്‍, ഡാപ്‌സോണ്‍ ഗുളികകള്‍ക്ക് പുറമെ ക്ലോഫാസിമിന്‍ ഗുളികയും ഈ കാലയളവില്‍ രോഗിക്ക് നല്‍കും. പ്രത്യേക ജീവിതരീതിയും ജനിതകഘടനാപരമായ പ്രത്യേകതയും ആദിവാസികളില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധ ശേഷി കുറവുള്ളതിനാല്‍ കുട്ടികളെയും വളരെവേഗം രോഗം ബാധിക്കും.

Top