നിയമങ്ങള്‍ മറികടന്നു !..കോഴിക്കോട് സര്‍ക്കാര്‍ ഭൂമിയില്‍ ലുലുമാള്‍ വരുന്നു !..

തിരുവനന്തപുരം:തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ പ്രത്യേക താല്‍പര്യ പ്രകാരം സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്ത് കോഴിക്കോട് ലുലു മാള്‍ വരുന്നു. പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ കോഴിക്കോട് നിര്‍മ്മിക്കുന്ന ലുലു മാളിന് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ലുലു മാളിന് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനമെടുത്തത്.കൊച്ചിക്ക് ശേഷം കോഴിക്കോടാണ് കേരളത്തിലെ രണ്ടാമത്തെ മാള്‍ നിര്‍മ്മിക്കുകയെന്ന് ലുലു ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തും ലുലു മാള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. കോഴിക്കോട് മാങ്കാവിലാണ് ലുലു മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാങ്കാവിലെ സര്‍ക്കാര്‍ അധീനതയിലുള്ള 19 സെന്റ് ഭൂമിയാണ് ലുലു മാളിന് വിട്ടുനല്‍കാന്‍ സര്‍ക്കാര്‌ തീരുമാനിച്ചിരിക്കുന്നത്. റവന്യൂ,നിയമ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ തീരുമാനമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് കേരളത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ മാളാണ് കോഴിക്കോട് മാങ്കാവിലേത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമുള്ള ലുലു ഗ്രൂപ്പ് കൊച്ചി ഇടപ്പള്ളിയിലാണ് കേരളത്തില്‍ ആദ്യമായി മാള്‍ നിര്‍മ്മിച്ചത്.സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാനാകില്ലെന്ന ജഗ്പാല്‍ സിങ്-സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ചൂണ്ടിക്കാട്ടി നിയമ വകുപ്പും ലുലു ഗ്രൂപ്പിന്റെ അപേക്ഷയെ എതിര്‍ത്തിരുന്നു.നാലുമാസത്തിനിടെ ലുലു ഗ്രൂപ്പിന്റെ അപേക്ഷ പല തവണ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വന്നിരുന്നെങ്കിലും സിപിഐ മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.മാങ്കാവില്‍ സര്‍ക്കാര്‍ വിട്ടുനല്‍കുന്ന റവന്യൂ ഭൂമിക്ക് പകരം ലുലു ഗ്രൂപ്പ് നെല്ലിക്കോട് മൈലമ്പാടി ഒല്ലൂര്‍ ക്ഷേത്രത്തിനുസമീപം 26.19 സ്ഥലവും 204 ചതുരശ്രമീറ്ററുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സര്‍ക്കാരിന് വിട്ടുനല്‍കാമെന്നാണ് ധാരണ.

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ കുറിപ്പില്‍ ലുലുമാളിന് ഭൂമി നല്‍കാന്‍ തീരുമാനിച്ച കാര്യമില്ലെന്നുള്ളതും ശ്രദ്ധേയമാണ്.തദ്ദേശവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ സമ്മര്‍ദപ്രകാരമാണ് ഫയല്‍ മന്ത്രിസഭ വീണ്ടും പരിഗണിച്ചത്. നാലുമാസമായി പലതവണ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നിരുന്നെങ്കിലും മന്ത്രിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top