ഹിജാബ് ധരിച്ചുകൊണ്ട് മിസ് ഇംഗ്ലണ്ടാവാന്‍ ഒരു പെണ്‍കുട്ടി

ഹിജാബ് ധരിച്ചുകൊണ്ട് മിസ് ഇംഗ്ലണ്ടാവാനുള്ള മത്സരത്തിലാണ് മരിയ മഹ്മൂദ് എന്ന 20 കാരി. മനഃശ്ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് ബര്‍മിംഗ്ഹാം സ്വദേശിയായ മരിയ മഹ്മൂദ്. ഒരു സാമൂഹ്യ പ്രവര്‍ത്തകയാകണമെന്നും വനിതാ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നുമാണ് മരിയയുടെ ആഗ്രഹം. മിസ് ഇംഗ്ലണ്ടാവുകയാണെങ്കില്‍ മിസ് വേള്‍ഡായി മത്സരിക്കാന്‍ തയ്യാറെടുക്കണമെന്നും മരിയയക്ക് ആഗ്രഹമുണ്ട്. മിസ് ഇംഗ്ലണ്ടിന്റെ അവസാന പാദത്തില്‍ പ്രവേശിച്ചുകഴിഞ്ഞു മരിയ മഹ്മൂദ്.

മുസ്ലിം വനിതകള്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ സാധാരണയായി മുന്നോട്ടുവരാറില്ല. എന്നാല്‍ മുസ്ലിം വനിതകളുടെ മുന്നേറ്റത്തിന് യാതൊന്നും തടസമില്ലെന്ന് തെളിയിക്കുകയാണ് എന്റെ ലക്ഷ്യം. ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇതുവരെ നേരിടണ്ടിവന്നിട്ടില്ല. സംഘാടകരുടെ ഭാഗത്തുനിന്ന് മികച്ച പിന്‍തുണയാണ് ലഭിക്കുന്നത്. മിസ് ഇംഗ്ലണ്ടിന്റെ സ്വിം വെയര്‍ റൗണ്ടില്‍ ബുര്‍ഖയിലെത്തുമെന്നും മരിയ വ്യക്തമാക്കി. 30 പെണ്‍കുട്ടികളുണ്ടായിരുന്നു മരിയയുടെ എതിരാളികളായി. അവരെയെല്ലാം പിന്തള്ളി ഇവിടെയെത്തിയെന്നത് അവിശ്വസനീയമാണെന്നും മരിയ പറയുന്നു. ജൂലൈയിലാണ് മിസ് ഇംഗ്ലണ്ട് സെമി ഫൈനല്‍. മരിയയുടെ പിതാവ് ഡ്രൈവറാണ്. മാതാവ് അധ്യാപികയും. മൂന്ന് സഹോദരന്‍മാരുണ്ട്. തന്റെ സുഹൃത്തുക്കളും കുടുംബവും നല്‍കുന്ന പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് അവള്‍ പറയുന്നു. നേരത്തെ ഹമ്മാസ കൊഹിസ്താനി എന്ന മുസ്ലിം പെണ്‍കുട്ടി 2005 ല്‍ മിസ് ഇംഗ്ലണ്ട് ആയിട്ടുണ്ടെങ്കിലും ഹിജാബ് അണിഞ്ഞ് ഒരു മുസ്ലിം, സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്.

Latest