മക്കള്‍ ഉപേക്ഷിച്ച വയോധികയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഹോം ഗാര്‍ഡ്; ചിത്രം വൈറല്‍

ഹൈദരാബാദ്: മക്കള്‍ ഉപേക്ഷിച്ചതിനാല്‍ തെരുവില്‍ കഴിയുന്ന വയോധികയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഹോം ഗാര്‍ഡിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കുകട്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ആയ ബി ഗോപാലാണ് ആരോരുമില്ലാത്ത അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുത്തത്. തെലങ്കാന ഡി ജി പിയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹര്‍ഷ ഭാര്‍ഗവിയാണ് ഇതിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കുകട്പള്ളിയിലെ ജവഹര്‍ ലാല്‍ നെഹ്റു ടെക്നിക്കല്‍ സര്‍വകലാശാലയുടെ അടുത്തുള്ള ഒരു ചായക്കടയ്ക്ക് സമീപം മൂന്നുദിവസമായി ഈ വയോധിക ഇരിക്കുന്നത് ഗോപാലിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീടാണ് മക്കള്‍ ഇവരെ ഉപേക്ഷിച്ചതാണെന്ന കാര്യം മനസ്സിലാകുന്നത്. തുടര്‍ന്ന് അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഗോപാല്‍ തീരുമാനിക്കുകയായിരുന്നെന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ‘ആദ്യം അവര്‍ക്ക് ഒരു ചായ വാങ്ങിക്കൊടുത്തു. പിന്നീട് ഉച്ചഭക്ഷണം വാങ്ങിനല്‍കി. എന്നാല്‍ സ്വന്തം കൈ ഉപയോഗിച്ച് ഭക്ഷണം വാരിക്കഴിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഭക്ഷണം വാരിക്കൊടുത്തത്’-ഗോപാല്‍ പറഞ്ഞു. പിന്നീട് ഈ വയോധികയെ വൃദ്ധസദനത്തിലേക്ക് മാറ്റി.

Top